യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രവാസികളായ 50 വനിതാ ഡോക്ടര്‍മാര്‍ നൃത്തവേദിയിലേക്ക്

ദുബൈ ഗ്ലോബല്‍ വില്ലേജിലാണ് പരിപാടി

Update: 2022-03-08 07:32 GMT
Advertising

രൂപീകരണത്തിന്റെ അമ്പത് വര്‍ഷം ആഘോഷിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രവാസികളായ അമ്പത് വനിതാ ഡോക്ടര്‍മാര്‍ നൃത്തപരിപാടി സംഘടിപ്പിക്കുന്നു.

ലോകറെക്കോര്‍ഡുകള്‍ കൂടി ലക്ഷ്യമിട്ടാണ് അമ്പത് മലയാളി വനിതാ ഡോക്ടര്‍മാര്‍ ഈമാസം 13 ന് രാത്രി ഗ്ലോബല്‍വില്ലേജില്‍ ചുവടുവയ്ക്കുന്നത്. നസീജ് എന്ന പേരില്‍ ഇന്തോഅറബ് ഫ്യൂഷന്‍ നൃത്തമാണ് രാത്രി ഏഴ് മുതല്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ കൂട്ടായ്മയായ എ.കെ.എം ജിയും മെഡികോണ്‍ ഇവന്റസുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന മലയാളി വനിതാ ഡോക്ടര്‍മാര്‍ രാജസ്ഥാനി നാടോടി നൃത്തയിനമായ ഗൂമറും അറബിക് ഇനമായ ഖലീജിയും 10 മിനിറ്റില്‍ അവതരിപ്പിച്ച്, ഒരേ സമയം ഏറ്റവും കൂടുതല്‍ വനിതാ ഡോക്ടമാര്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തയിനം എന്ന വിഭാഗത്തില്‍ ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സിലും പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്.

നസീജിനായി രണ്ടുമാസമായി പ്രമുഖ നര്‍ത്തകി അനുപമയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുകയാണ്. ഗ്ലോബല്‍ വില്ലേജിലെ പ്രധാനവേദിയിലായിരിക്കും നൃത്തമെന്ന് ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു. നസീജിന്റെ ലോഗോ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

സംഘാടക സമിതി സെക്രട്ടറി ഡോ.സഫറുല്ല ഖാന്‍, മെഡികോണ്‍ ഡയരക്ടര്‍ ഡോ.സിറാജുദ്ദീന്‍, കള്‍ചറല്‍ കണ്‍വീനര്‍ ഡോ.ഫിറോസ് ഗഫൂര്‍, ഇവന്റ് കോഡിനേറ്റര്‍ ഡോ.നിതാ സലാം, റിസോഴ്‌സ് ചെയര്‍മാന്‍ ഡോ.ജോര്‍ജ് ജേക്കബ്, മീഡിയാ കണ്‍വീനര്‍ ഡോ.ജമാലുദ്ദീന്‍ അബൂബക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News