ദുബെെ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിർഹത്തിന്റെ നിർമാണകരാർ
ഇതു മുഖേന ഇരു ഭാഗങ്ങളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാം
ഹെസ്സ നഗര വികസന പദ്ധതിക്ക് നിർമാണകരാർ നൽകി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മൂന്ന് പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്നതാണ് പദ്ധതി. 68.9 കോടി ദിർഹമാണ് നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വൻ വികസന പദ്ധതിയുടെ നിർമാണ ചെലവ്.
ഹെസ്സ നഗരത്തിന്‍റെ രണ്ട് ഭാഗത്തു നിന്നുമുള്ള രണ്ട് വരി റോഡുകൾ നാലു വരിയായി വികസിപ്പിക്കും. ഇതു മുഖേന ഇരു ഭാഗങ്ങളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാം. കൂടാതെ 13.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ, കാൽനട ട്രാക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. 4.5 മീറ്ററാണ്ട്രാക്കിന്റെ ആകെ വീതി. ഇതിൽ രണ്ട് മീറ്റർ വീതിയിലുള്ള ട്രാക്ക് കാൽനടയാത്രക്കാർക്ക്മാത്രമാണ്. 2.5 മീറ്റർവീതിയിൽ നിർമിക്കുന്ന ട്രാക്ക്സൈക്കിൾ, സ്കൂട്ടർ യാത്രക്കും ഉപയോഗിക്കാം.
ശൈഖ്സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ്ബിൻ സായിദ് റോഡ് എന്നീ മൂന്നു പ്രധാന റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഹെസ്സ നഗരം. ദുബൈ സ്പോർട്സ്സിറ്റി, അൽ സുഫൂഹ്, ജെ.വി.സി, അൽബർഷ തുടങ്ങിയ റസിഡൻഷ്യൽ ഏരികളേയും ഇത് ബന്ധിപ്പിക്കുന്നുണ്ട്. ശൈഖ് സായിദ് ജങ്ഷൻ മുതൽ അൽഖൈൽ റോഡുവരെ നാലു കിലോമീറ്റർ നീളുന്ന വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030ഓടെ ഈ പ്രദേശങ്ങളിലെ 640,000ത്തിലധികം നിവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.