അബൂദബിയിൽ ട്രാഫിക് പിഴയിൽ 35 ശതമാനം വരെ ഇളവ്
നിയമലംഘനം നടന്ന് രണ്ട് മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് ഇളവ് ലഭിക്കുക
അബൂദബിയിൽ ട്രാഫിക് പിഴ ലഭിച്ചവർക്ക് പിഴയിൽ ഇളവ് ലഭിക്കാൻ അവസരമൊരുക്കി അധികൃതർ. നിയമലംഘനം നടന്ന് രണ്ട് മാസത്തിനുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് അബൂദബി പൊലീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ നിയമലംഘനം നടന്ന് ഒരു വർഷത്തിനുള്ളിൽ പിഴ അടച്ചാൽ 25 ശതമാനം കിഴിവും ലഭിക്കും.
ജനങ്ങളെ എമിറേറ്റിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. അബൂദബി പൊലീസിന്റെ ഓൺലൈൻ സേവനങ്ങൾ വഴിയും സർക്കാർ സേവനങ്ങൾക്കായുള്ള ടാം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും വാഹനമോടിക്കുന്നവർക്ക് പിഴ അടയ്ക്കാവുന്നതാണ്.
കൂടാതെ, ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്ഷ്യൽ ബാങ്ക്, മഷ്റഖ് ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ അഞ്ച് ബാങ്കുകൾ പലിശ രഹിത തവണ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി പിഴ അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾ നൽകുന്ന പ്രത്യേക ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കണം.