ഗസ്സയിലേക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യമായി യുഎഇ
ഇസ്രായേൽ ആക്രമണത്തിന് ശേഷം ആകെ ലഭിച്ച സഹായത്തിന്റെ പകുതിയോളം യുഎഇയിൽനിന്ന്


ദുബൈ: ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യമായി യുഎഇ. ഇസ്രായേൽ ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ മുതൽ 2024 നവംബർ വരെയുള്ള ഒരു വർഷത്തിനിടെ, 82.8 കോടി യുഎസ് ഡോളറിന്റെ സഹായമാണ് യുഎഇ ഗസ്സയ്ക്കായി എത്തിച്ചിട്ടുള്ളത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ ആദ്യമായി ഇടപെട്ട രാഷ്ട്രവും യുഎഇയായിരുന്നു. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു സഹായങ്ങൾ.
ഗസ്സയ്ക്ക് ലഭിച്ച ആകെ സഹായത്തിന്റെ 42 ശതമാനവും യുഎഇയിൽ നിന്നാണെന്ന് മാനുഷിക കാര്യങ്ങൾക്കുള്ള യുഎൻ ഓഫീസിന്റെ കണക്കുകൾ ഉദ്ധരിച്ച് ജർമൻ പ്രസ് ഏജൻസി പറയുന്നു. ഈ വർഷം മാർച്ചു വരെ ഭക്ഷണവും മരുന്നുമടക്കം 65000 ടൺ അവശ്യവസ്തുക്കളാണ് അറബ് രാഷ്ട്രം ഗസ്സയിൽ വിതരണം ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ അറുപതിനായിരത്തിലേറെ പേർക്ക് ചികിത്സ നൽകുകയും ചെയ്തു. ഗസ്സയിലും ഈജിപ്തിലെ അൽ അരീഷിലുമാണ് യുഎഇ ആശുപത്രികൾ പ്രവർത്തിക്കുന്നത്.
ഗസ്സ വിഷയത്തിൽ വെള്ളിയാഴ്ച തുർക്കിയിൽ ചേർന്ന അറബ് മന്ത്രിതല യോഗത്തിൽ യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉദ്യോഗസ്ഥൻ ഡോ. അൻവർ ഗർഗാഷ് ഗസ്സയിൽ യുഎഇ നടത്തുന്ന ശ്രമങ്ങൾ എടുത്തു പറഞ്ഞു. സഹായങ്ങളുടെ കണക്കുകൾ വിവരിച്ച അദ്ദേഹം പ്രശ്‌നത്തിലെ ശാശ്വത പരിഹാരത്തിന് ദ്വിരാഷ്ട്ര പദ്ധതി മാത്രമേ പോംവഴിയുള്ളൂ എന്നും വ്യക്തമാക്കി. യോഗത്തിൽ അറബ് മന്ത്രിമാർക്കു പുറമേ, സ്ലൊവേനിയ, സ്‌പെയിൻ, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.