യുഎഇയിൽ പൊതുമാപ്പ് നാളെ അവസാനിക്കും; ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ പ്രയോജനപ്പെടുത്തി
ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാലുമാസം നീണ്ട പൊതുമാപ്പ് കാലത്ത് ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് യു.എ.ഇയിൽ പൊതുമാപ്പ് നിലവിൽ വന്നത്. രാജ്യത്ത് വിസാ നിയമംലംഘിച്ച് കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരാനും അവസരം നൽകുന്നതായിരുന്നു ഈ ആനുകൂല്യം.
ദുബൈ എമിറേറ്റിൽ മാത്രം രണ്ടുലക്ഷത്തി മുപത്തിയാറായിരം പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി GDRFA അധികൃതർ പറഞ്ഞു. ഇതിൽ 55,200 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ദുബൈയിൽ നിന്ന് എക്‌സിറ്റ് പാസ് കൈപറ്റിയത്. ആനൂകൂല്യം തേടിയെത്തിയവരിൽ ഭൂരിഭാഗവും രേഖകൾ ശരിയാക്കി യു.എ.ഇയിൽ തന്നെ തുടരനാണ് നടപടികൾ സ്വീകരിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് ആദ്യം പൊതുമാപ്പ് കാലാവധി നിശ്ചയിച്ചത്. പിന്നീടത് ഡിസംബർ 31 വരെ നീട്ടിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.