പുതുവർഷാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സമ്മാനങ്ങൾ കൈമാറി ദുബൈ അധികൃതർ
വിവിധ ലേബർ ക്യാമ്പുകളിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരുന്നു സമ്മാനവിതരണം.
ദുബൈ: പുതുവർഷാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സമ്മാനങ്ങൾ കൈമാറി ദുബൈ അധികൃതർ. വിവിധ ലേബർ ക്യാമ്പുകളിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരുന്നു സമ്മാനവിതരണം. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശക്തമായ നടപടികൾ തുടരുമെന്നും തൊഴിൽ വിഭാഗം അധികൃതർ അറിയിച്ചു.
മൂന്നു കാറുകൾ, നിരവധി സ്മാർട്ട് ഫോണുകൾ എന്നിവ സമ്മാനമായി നൽകിയായിരുന്നു ദുബൈ പെർമനന്‍റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സിന്റെ ആഘോഷ പരിപാടികൾ. അൽഖൂസ്, മുഹൈസിന, ജബൽ അലി, ഓർലയൻസ്, ജുമൈറ ഒന്ന്, അൽ ബദാ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരുന്നു പരിപാടികൾ. പങ്കെടുത്ത ഒരു ലക്ഷത്തിലധികം പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കായിരുന്നു സമ്മാനവിതരണം.
അൽഖൂസിലായിരുന്നു പ്രധാന ആഘോഷപരിപാടി. ദുബൈ പെർമനന്‍റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സന്തോഷപ്രദമായ ജീവിതമാണ് പ്രധാനമെന്ന് ദുബൈ തൊഴിൽകാര്യ വകുപ്പ് സ്ഥിരം സമിതി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു.