യു.എ.ഇ സാമ്പത്തിക രംഗത്തിന് ക്ലീൻചിറ്റ്; എഫ്.എ.ടി.എഫ് ‘ഗ്രേ’ ലിസ്റ്റിൽനിന്ന് ഒഴിവാക്കി
അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് 'ഗ്രേ' ലിസ്റ്റിൽ ഉൾപ്പെടുത്താറ്
ദുബൈ: അപകടസാധ്യതയുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് യു.എ.ഇയെ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യു.എ.ഇയെ തങ്ങളുടെ ഗ്രേലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സമ്പദ്മേഖലക്ക് ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് 'ഗ്രേ' ലിസ്റ്റിൽ ഉൾപ്പെടുത്താറ്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ യു.എ.ഇ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ഗ്രേപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പട്ടികയിൽ നിന്ന് പുറത്തുകടന്നത് ആഗോളതലത്തിൽ യു.എ.ഇയുടെ സാമ്പത്തികരംഗത്തിന് കരുത്താകുമെന്നാണ് കണക്കുകൂട്ടുന്നത്.
സാമ്പത്തിക രംഗത്ത് അപകടസാധ്യതയുള്ള രണ്ട് ഡസൻ രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. അതിസമ്പന്നരും ശതകോടികളുടെ നിക്ഷേപകരും ബാങ്കർമാരും സജീവമായ യു.എ.ഇയെ 2022ലാണ് എഫ്.എ.ടി.എഫ് സൂക്ഷമവിശകലത്തിന് വിധേയമാക്കിയത്. നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും കൂടുതൽ ബിസിനസ് ആകർഷിക്കാനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.