ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ തിങ്കളാഴ്ച മുതൽ നിരോധനം
നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരു വർഷത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ ഓരോ തവണക്കും ഇരട്ടി പിഴ ഈടാക്കും.
ദുബൈ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ദുബൈയിൽ തിങ്കളാഴ്ച മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്. ദുബൈ കിരീടാവകാശിയും യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമാണ് ഞായറാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2023ന്‍റെ തുടക്കത്തിൽ മുഴുവൻ എമിറേറ്റുകളിലും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ജനുവരി മുതൽ ഓരോ എമിറേറ്റും തുടർ നടപടി സ്വീകരിക്കും. ദുബൈയിൽ തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന്വാർത്ത ഏജൻസിയായ വാം റിപോർട്ട് ചെയ്തു. എന്നാൽ, പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമിക്കുന്ന ബാഗുകൾക്കും കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക്കുകൾക്കും നിരോധനമില്ല.
പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും ഘട്ടം ഘട്ടമായി നിരോധിക്കാനാണ് യു.എ.ഇ സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്‍റെ ഭാഗമായി 2025 മുതൽ ടേബിൾ കവർ, കപ്പുകൾ, സ്റ്റിറോഫോം ഫുഡ് കണ്ടെയ്നർ, പ്ലാസ്റ്റിക് സ്ട്രോകൾ, കോട്ടൻ ബഡ്സ്, പ്ലാസ്റ്റിക് സ്റ്റിറേഴ്സ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും നിരോധിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾ വിരികൾ, കുടിവെള്ള കുപ്പികൾ അവയുടെ മൂടികൾ എന്നിവ 2026 മുതൽ നിരോധിക്കാനാണ് തീരുമാനം. നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരു വർഷത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ ഓരോ തവണക്കും ഇരട്ടി പിഴ ഈടാക്കും.
ഇങ്ങനെ പരമാവധി 2000 ദിർഹം വരെയാണ് പിഴ. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ തുടക്കമെന്ന നിലയിൽ 2022ൽ ദുബൈ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കിയപ്പോൾ അബൂബദിയിൽ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാംസം, മത്സ്യം, പച്ചക്കറികൾ, പഴം, ധാന്യങ്ങൾ, ബ്രഡ് എന്നിവക്കൊപ്പം ചവറ്റുകൊട്ടകളിൽ ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ ഫിലിം റൂളുകൾ കൊണ്ടുള്ള പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ബാധകല്ല.