ദുബൈയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിരോധിച്ചു
അബുദാബിയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിലയിരുത്തല്‍
ദുബൈ: ദുബൈയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ക്ക് തല്‍കാലം അനുമതി നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. തല്‍ക്കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അബൂദാബിയില്‍ ഇന്നലെ ഹൂത്തി വിമതര്‍ നടത്തിയ ആക്രമണമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ദുബൈയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ഡി.സി.എ.എയില്‍ നിന്ന് എന്‍.ഒ.സി വാങ്ങണമെന്ന നിബന്ധനയാണ് നിലവിലുണ്ടായിരുന്നത്. പുതിയ നിര്‍ദേശപ്രകാരം അനുമതിക്കായി നല്‍കിയ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നതാണ് പുതിയ തീരുമാനം.