10 ദശലക്ഷം സന്ദർശകർ: ആഘോഷമാക്കാൻ 10 ദിർഹത്തിന്റെ പ്രത്യേക എൻട്രി പാസൊരുക്കി ദുബൈ എക്സ്പോ
ഇന്ന് വൈകിട്ട് 5 മുതൽ എക്‌സ്‌പോ ഗേറ്റുകളിലും ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാകും.
ദുബൈ: വരുന്ന ഞായറാഴ്ചയോടെ സന്ദർശകരുടെ എണ്ണത്തിൽ 10 ദശലക്ഷം എന്ന റെക്കോഡ് നേട്ടത്തിലേക്കെത്തുകയാണ് എക്സ്പോ 2020. ഈ സന്തോഷം പ്രേക്ഷകർക്കൊപ്പം ആഘോഷിക്കാനായി 10 ദിർഹത്തിന് എക്സ്പോ ടിക്കറ്റ് നൽകാനാണ് അധികൃതരുടെ പുതിയ തീരുമാനം.
16 ന് എക്സ്പോയിൽ നടക്കുന്ന വിവിധ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് 10 ദിർഹത്തിന്റെ സ്പെഷ്യൽ എൻട്രി ടിക്കറ്റ് എടുത്താൽ മതിയാകും.
ഇന്ന് വൈകിട്ട് 5 മുതൽ എക്‌സ്‌പോ ഗേറ്റുകളിലും ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാകും. സീസൺ പാസ് ഉള്ള സന്ദർശകർക്ക് വേറെ ടിക്കറ്റിന്റെ ആവശ്യമില്ല. എക്സ്പോ വേദിയിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ അല്ലെങ്കിൽ വാക്സിനേഷൻ രേഖയോ കാണിക്കേണ്ടിവരും. എക്സ്പോ ടിക്കറ്റുമായി വരുന്ന വാക്‌സിനേഷൻ എടുക്കാത്ത സന്ദർശകർക്ക് യുഎഇയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി പിസിആർ ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
16 ന് വിവിധ പ്രത്യേക ആഘോഷ പരിപാടികളാണ് എക്സ്പോ നഗരിയുടെ വിവിധയിടങ്ങളിൽ നടക്കുക. റിപ്പബ്ലിക് ഓഫ് കൊറിയ തങ്ങളുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ജാങ്-ഗു ഡ്രംസ്, തായ്‌ക്വോണ്ടോ ആയോധന കലകളുടെ പ്രദർശനം,
ജൂബിലി സ്റ്റേജിൽ രാത്രി 7.30-ന് നിരവധി പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി പ്രത്യേക കച്ചേരികളും ഞായറാഴ്ച സംഘടിപ്പിക്കുന്നുണ്ട്. 'എല്ലാവർക്കും വേണ്ടിയുള്ള ആഗോള ലക്ഷ്യങ്ങൾ' എന്ന ആശയത്തിനു കീഴിൽ 15 മുതൽ 22 വരെ നടക്കുന്ന ഗ്ലോബൽ ഗോൾസ് വീക്കിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും എക്സ്പോ നഗരിയെ സമ്പന്നമാക്കും. ജൂബിലി സ്റ്റേജിലെ ഡെക്കുകളിലും നിരവധി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.