യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും

പെട്രോൾ ലിറ്ററിന് ഒമ്പത് ഫിൽസ് വരെ വർധിക്കും

Update: 2024-10-31 16:09 GMT
Advertising

ദുബൈ: യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് ഒമ്പത് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് ഏഴ് ഫിൽസ് വരെയുമാണ് വർധിക്കുക. ഇതോടെ വിവിധ എമിറേറ്റുകളിൽ ടാക്‌സി നിരക്കും വർധിക്കും. രണ്ടുമാസം തുടർച്ചയായി ഇന്ധനവില കുറയുന്ന പ്രവണതക്ക് ശേഷമാണ് നവംബറിൽ യു.എ.ഇയിൽ ഇന്ധനവില വർധിപ്പിക്കുന്നത്.

2 ദിർഹം 66 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് നവംബർ ഒന്ന് മുതൽ 2 ദിർഹം 74 ഫിൽസ് നൽകണം. വർധന എട്ട് ഫിൽസ്. സ്‌പെഷ്യൽ പെട്രോളിന്റെ വില ലിറ്ററിന് ഒമ്പത് ഫിൽസ് വർധിപ്പിച്ചപ്പോൾ വില 2 ദിർഹം 54 ഫിൽസിൽ നിന്ന് 2 ദിർഹം 63 ഫിൽസായി.

ഇ-പ്ലസ് പെട്രോൾ വിലയും എട്ട് ഫിൽസ് ഉയർത്തി. 2 ദിർഹം 55 ഫിൽസാണ് പുതിയ വില. ഒക്ടോബറിൽ 2 ദിർഹം 47 ഫിൽസായിരുന്നു നിരക്ക്. ഡീസൽ വില 2 ദിർഹം 60 ഫിൽസിൽ നിന്ന് 2 ദിർഹം 67 ഫിൽസായാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിലേറെയാണ് വില വർധന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയുടെ അടിസ്ഥാനത്തിലാണ് യു.എ.ഇയിൽ വില നിർണയ സമിതി ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News