ഗ്ലോബൽ മീഡിയ കോൺഗ്രസിന് അടുത്തയാഴ്‌ച അബൂദബിയിൽ തുടക്കമാകും

മീഡിയവണിൽ നിന്ന് യുവ മാധ്യപ്രവർത്തകരും

Update: 2022-11-08 18:51 GMT
Editor : banuisahak | By : Web Desk
Advertising

അബൂദബി: ആഗോള മാധ്യമ സ്ഥാപനങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന് അടുത്തയാഴ്ച അബൂദബിയിൽ തുടക്കമാകും. മലയാളത്തിൽ നിന്നടക്കം മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി യുവ മാധ്യമപ്രവർത്തകർക്ക് ഒരുക്കുന്ന ശിൽപശാലയിലേക്ക് മീഡിയവൺ പ്രതിനിധികളും എത്തും.

ആദ്യമായാണ് ആഗോള മാധ്യമ സമ്മേളനത്തിന് അബൂദബി വേദിയാകുന്നത്. ആറ് ഉപഭൂഖണ്ഡങ്ങളിൽ നിന്നായി 1200 മാധ്യമ വിദഗ്ധരാണ് ഗ്ലോബൽ മീഡിയ കോൺഗ്രസിൽ പങ്കെടുക്കുന്നത്. അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ ഈമാസം 15 മുതൽ 17 വരെ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ 30 ലേറെ ചർച്ചകളും ശിൽപശാലകളും നടക്കും. മലയാളത്തിൽ നിന്ന് ജോൺബ്രിട്ടാസ്, ശശികുമാർ, എം വി ശ്രേയംസ്കുമാർ തുടങ്ങിയവർ സമ്മേളനത്തിലുണ്ടാകും. 

മാധ്യമ ശിൽപശാലയുടെ ഭാഗമാകാൻ മീഡിയവണിലെ യുവ മാധ്യമപ്രവർത്തകരും കേരളത്തിൽ നിന്നെത്തും. സോഷ്യൽ മീഡിയയിലൂടെ അസത്യവും വെറുപ്പും പ്രചരിക്കുന്ന കാലത്ത് സഹിഷ്ണുതക്ക് ഊന്നൽ നൽകുന്ന മാധ്യമങ്ങളുടെ കൂട്ടായ്മ ഒരുക്കാനും സമ്മേളനം ലക്ഷ്യമിടുന്നുവെന്ന് യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന്റെ ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ ആൽ റെയിസി മീഡിയവണിനോട് പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരും, മന്ത്രാലയം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര സമ്മേളനത്തിലുണ്ടാകും. ആദ്യദിവസം മാധ്യമരംഗത്തെ നിക്ഷേപം, രണ്ടാം ദിവസം മാധ്യമംരംഗത്തെ പുതിയ കണ്ടെത്തലുകൾ, മൂന്നാം ദിവസം യുവ ശാക്തീകരണം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും സമ്മേളനത്തിലെ ചർച്ചകൾ. യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷകർതൃത്തത്തിൽ അഡ്നെക്കും വാമുമാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് ഒരുക്കുന്നത്. അഡ്നെക് സിസിഒ ഖലീഫ അൽ ഖുബൈസി, കാപ്പിറ്റൽ ഇവന്റ്സ് സി ഇ ഒ സഈദ് അൽ മൻസൂരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News