അബൂദബിയില്‍ ഗ്രീൻ പാസ് പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍
വാക്സിനെടുത്തവർക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവാകുന്നവർക്കുമാണ് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്
അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കുന്നവർക്ക് മാത്രം പൊതുപരിപാടികളിലും മാളുകളിലും പ്രവേശനം അനുവദിക്കുന്ന നിയമം അബൂദബിയിൽ പ്രാബല്യത്തിൽ. ഗ്രീൻ പാസ് പ്രോട്ടോക്കോൾ നിലവിൽ വന്നതോടെ രോഗ ഭീതിയില്ലാതെ പരസ്പരം ഇടപഴകാനാകുമെന്ന ആശ്വാസത്തിലാണ് അബുദബിയിലെ ജനങ്ങൾ. യു.എ.ഇയിൽ ഗ്രീൻ പാസ് പ്രോട്ടോക്കോൾ ആദ്യമായി നടപ്പാക്കുന്ന എമിറേറ്റാണ് അബൂദബി.
വാക്സിനെടുത്തവർക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവാകുന്നവർക്കുമാണ് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. ഷോപിങ് മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്, ബീച്ച്, സ്വകാര്യ ബീച്ച്, സ്വിമ്മിങ് പൂൾ, തീയറ്റർ, മ്യൂസിയം, റസ്റ്റോറന്‍റ്, കഫേ മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാനാണ് ഗ്രീൻ പാസ് സംവിധാനം ഏർപ്പെടുത്തിയത്. 16 വയസിൽ കൂടുതൽ പ്രായമുള്ളവർക്കാണ് ഇത് ബാധകം. വിവിധ സ്ഥാപനങ്ങളുടെ കവാടത്തിൽ പരിശോധന നടത്തിയാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നത്. ഗ്രീൻ പാസുമായാണ് ഭൂരിഭാഗം പേരും സ്ഥാപനങ്ങളിലേക്ക് വരുന്നത്. അതിനാൽ പരിശോധനയും എളുപ്പമാണ്.
കൂടുതൽ പേരും ആദ്യഡോസ് സ്വീകരിച്ച് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവായാണ് ഗ്രീൻ പാസുമായി വരുന്നത്. രണ്ടാമത്തെ ഡോസ് ലഭിച്ച് 28 ദിവസം തികയാത്തവർക്ക് പി.സി.ആർ നടത്തി നെഗറ്റീവായാൽ 14 ദിവസമാണ് ഗ്രീൻ പാസ്. വാക്സിൻ സ്വീകരിക്കാത്തവർക്ക് ടെസ്റ്റിൽ നെഗറ്റിവായാൽ മൂന്ന് ദിവസമാണ് പച്ച നിറം കാണിക്കുക. ഗ്രീൻ പാസിന് പി.സി.ആർ അനിവാര്യമായതോടെ ടെസ്റ്റിനും തിരക്കേറിത്തുടങ്ങി