അനധികൃത റിക്രൂട്ട്മെന്റ്: യു.എ.ഇയിൽ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി
അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി
അബൂദബി: യു.എ.ഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. വ്യാജ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചിരുന്ന അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സർക്കാർ അടച്ചുപൂട്ടി.
യു.എ.ഇ തൊഴിൽമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അനധികൃത നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചത്. ഗാർഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നതിന് പരസ്യം നൽകിയിരുന്ന അഞ്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളും സർക്കാർ അടപ്പിച്ചു.
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും, താൽക്കാലിക ജോലിയിലേക്ക് ആളെ നിയമിക്കുന്നതും ശിക്ഷാർഹമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ മന്ത്രാലയം നീക്കം ചെയ്തു.
കേസിലെ പ്രതികളെ പബ്ലിക് പ്രോസക്യൂഷന് കൈമാറി. ഒരുവർഷം വരെ തടവും, പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് മന്ത്രാലയം പറഞ്ഞു.