ഐ.പിഎൽ മുന്നൊരുക്കം സജീവം; ഇന്ത്യൻ താരങ്ങൾ യു.എ.ഇയിൽ എത്തി
ആറ് ദിവസത്തെ ക്വാറൻറീന് ശേഷം താരങ്ങൾ പരിശീലനത്തിന് കളത്തിലിറങ്ങും
വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ യു.എ.ഇയിൽ എത്തി. ഐ.പി.എൽ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താരങ്ങൾ എത്തിയത്..കോവിഡ് പ്രത്രിസന്ധി മറികടന്ന് യു.എ.ഇയിലെ കായിക മേഖല വരും ദിവസങ്ങളിൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് റദ്ദാക്കിയത് ഐ.പി.എലിന് വേണ്ടിയാണെന്ന ആരോപണം സജീവമായിരിക്കെയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഉൾപെടെയുള്ള താരങ്ങൾ യു.എ.ഇയിലെത്തിയത്. കോഹ്ലിക്ക് പുറമെ ഉപനായകനും മുംബൈ താരവുമായ രോഹിത് ശർമ, ജാസ്പ്രിത് ബൂംറ, സൂര്യകുമാർ യാദവ്, ബാംഗ്ലൂർ താരം മുഹമ്മദ് സിറാജ് എന്നിവരാണ് എത്തിയത്. രോഹിതും സൂര്യകുമാറും കുടുംബ സമേതമാണ് എത്തിയത്. മുംബൈ ടീം അംഗങ്ങൾ അബൂദബിയിലും ബാംഗ്ലൂർ ടീം ദുബൈയിലുമാണ് വിമാനമിറങ്ങിയത്. പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിലായിരുന്നു യാത്ര. ആറ് ദിവസത്തെ ക്വാറൻറീന് ശേഷം താരങ്ങൾ പരിശീലനത്തിന് കളത്തിലിറങ്ങും. സെപ്റ്റംബർ 19 മുതലാണ് ഐ.പി.എൽ. യാത്രക്ക് മുൻപും യു.എ.ഇയിൽ എത്തിയ ശേഷവും നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.