പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യൽ; പ്രവാസികളെ ബാധിക്കുമോ?
ഈ മാസം 31ന് മുൻപ് വ്യക്തികൾ അവരുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണമെന്നാണ് ഇന്ത്യൻ ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 31ഓടെയാണ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി അവസാനിക്കുക. അതിനു ശേഷം ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത കാർഡുകൾ പ്രവർത്തനരഹിതമാകും.
പാൻ കാർഡ് അസാധുവായാൽ ആദായനികുതി റിട്ടേണുകളെയെല്ലാം ഇതു സാരമായി ബാധിക്കും. എന്നാൽ ഈ സമയപരിധി പ്രവാസി ഇന്ത്യക്കാർക്ക് ബാധകമാണോ എന്നാണ് പ്രധാന സംശയം.
എൻആർഐകൾക്ക് ആധാർ കാർഡ് നിർബന്ധമല്ലാത്തതിനാൽ തന്നെ നിലവിൽ അവർക്ക് ആധാർ കാർഡ് ഉണ്ടോ എന്നതിനെ ആശ്രയിച്ച് മാത്രമാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവർക്ക് ബാധകമാകുക.
ആധാർ കാർഡ് ഉണ്ടെങ്കിൽ, നിശ്ചിത സമയപരിധിക്ക് മുമ്പ് അത് നിങ്ങളുടെ പാൻ കാർഡുമായി ലിങ്ക് ചെയ്യുകയും വേണം. ഇവ രണ്ടും ലിങ്ക് ചെയ്യാത്ത പക്ഷം, അവർക്ക് അവരുടെ ആദായനികുതി റിട്ടേണുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. കൂടാതെ പാൻ മുമ്പത്തെ റിട്ടേണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തീർപ്പാക്കാത്ത ആദായ നികുതി റിട്ടേണുകൾ പോലും പ്രോസസ്സ് ചെയ്യാനും സാധിക്കില്ല. ഇക്കാരണങ്ങളാൽ സാമ്പത്തിക ഇടപാടുകളെയെല്ലാം ഇത് സാരമായി ബാധിച്ചേക്കാം.