ആഘോഷപ്പൊലിമയിൽ യുഎഇയുടെ പെരുന്നാൾ

മലയാളം ഖുതുബ നടന്ന നാല് ഈദ്ഗാഹുകൾ മലയാളികളുടെ സംഗമ വേദിയായി

Update: 2025-03-30 08:17 GMT
Advertising

അജ്മാൻ: ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്കു പെരുന്നാൾ ആഘോഷിച്ച് യുഎഇയിലെ വിശ്വാസികൾ. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

അതിരാവിലെ മുതൽ തന്നെ വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുൽ ഫിത്വർ നമസ്‌കാരത്തിനെത്തി. നമസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പുതുക്കിയാണ് വിശ്വാസികൾ തിരിച്ചു പോയത്.

യുഎഇയിൽ മലയാളം ഖുതുബ നടന്ന നാല് ഈദ്ഗാഹുകൾ മലയാളികളുടെ സംഗമ വേദി കൂടിയായി. അജ്മാൻ ജർഫ് ഹാബിറ്റാറ്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഔഖാഫ് ഇമാം ജുനൈദ് ഇബ്രാഹിം നേതൃത്വം നൽകി.

അജ്മാനിൽ ആദ്യമായാണ് ഔഖാഫിന്റെ നേതൃത്വത്തിൽ മലയാളത്തിൽ ഖുതുബയുള്ള ഈദ്ഗാഹ് നടന്നത്. നാട്ടിൽ പെരുന്നാൾ കൂടിയതു പോലുള്ള അനുഭവമാണ് ഈദ്ഗാഹ് സമ്മാനിച്ചതെന്ന് വിശ്വാസികൾ പറഞ്ഞു.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് നടന്ന മലയാളി ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകി. ദുബൈയിൽ രണ്ടിടത്താണ് മലയാളി ഈദ്ഗാഹുകൾ നടന്നത്. അൽഖൂസ് അൽ മനാർ ഇസ്‌ലാമിക് സെന്ററിൽ നടന്ന ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലുവിന് സമീപമുള്ള ടാർജറ്റ് ഫുട്‌ബോൾ ഗ്രൗണ്ടിലെ ഈദ് ഗാഹിന് മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News