അബൂദബിയിൽ മകരജ്യോതി, പൊങ്കൽ ഉത്സവം; പങ്കെടുത്തത് ആയിരങ്ങൾ
ബാപ്‌സ് ഹിന്ദു മന്ദിര്‍ അങ്കണത്തിലായിരുന്നു മകര ജ്യോതി മഹോത്സവവും അയ്യപ്പ പൂജയും നടന്നത്.
അബൂദബി: യു.എ.ഇയിൽ മകര ജ്യോതി മഹോത്സവവും അയ്യപ്പ പൂജയും പൊങ്കലും കൊണ്ടാടി മലയാളി- തമിഴ് സമൂഹം. അബൂദബിയിൽ നടന്ന രണ്ട് ആഘോഷങ്ങളിലുമായി ആയിരങ്ങളാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ഇത്രയും വിപുലമായ തോതിലുള്ള ഉത്സവ പരിപാടികൾ നടക്കുന്നത്.
ബാപ്‌സ് ഹിന്ദു മന്ദിര്‍ അങ്കണത്തിലായിരുന്നു മകര ജ്യോതി മഹോത്സവവും അയ്യപ്പ പൂജയും നടന്നത്. അബൂദബി ആധ്യാത്മിക സമിതിയുടെ നേതൃത്വത്തില്‍ ആദ്യമായാണ് അബൂദബിയില്‍ മകര ജ്യോതി മഹോത്സവം സംഘടിപ്പിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, തൃക്കൊടിയേറ്റം, ഉഷപൂജ, സോപാന സംഗീതം, സര്‍വൈശ്വര്യ പൂജ, ഭജന, മഹാ പ്രസാദം, അന്നപൂജ, പേട്ട തുള്ളല്‍, പഞ്ചാരിമേളം, പടി പൂജ, ദീപാരാധന, കൊടിയിറക്കം, ഹരിവരാസനം എന്നിവയോടെ നട അടച്ച് ആഘോഷത്തിനു വിരാമമമായി. ശബരിമല തീര്‍ഥാടനം നടക്കുന്ന ഈ വേളയില്‍ സംഘടിപ്പിച്ച മകര ജ്യോതി മഹോത്സവം പ്രവാസികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.
അബൂദബി ഖലീഫ പാർക്കിലായിരുന്നു പൊങ്കൽ ഉത്സവം നടന്നത്. 2000ഓളം തമിഴ്നാട് സ്വദേശികൾ പങ്കെടുത്തു. പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ആഘോഷത്തിന് അകമ്പടിയേറി. അമാൽഗമേഷൻ ഓഫ് തമിഴ് അസോസിയേഷനാണ് പൊങ്കൽ ഉത്സവം സംഘടിപ്പിച്ചത്.
രാവിലെ എട്ടിന് തുടങ്ങിയ ആഘോഷത്തിന്‍റെ ഭാഗമായി അടുപ്പുകൂട്ടി ചട്ടിയിൽ പൊങ്കൽ വിഭവം തയാറാക്കി. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് തമിഴ്നാട്ടുകാർ എത്തിയത്. വേദിയിൽ വിവിധ കലാപരിപാടികളും നടന്നു.