മെക്രോസോഫ്റ്റ് തകരാർ; യു.എ.ഇയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി

വൈകുന്നേരത്തോടെയാണ് സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയത്

Update: 2024-07-19 17:40 GMT
Advertising

ദുബൈ: മൈക്രോസോഫ്റ്റ് പണിമുടക്കിയത് യു.എ.ഇയിലെ വിമാനത്താവളങ്ങളെ മുതൽ ചെറുകിട സ്ഥാപനങ്ങളെ വരെ ബാധിച്ചു. പേമെന്റ് മെഷീനുകൾ നിലച്ചതോടെ വിൽപന നടത്തിയ സാധനങ്ങളുടെ പണം സ്വീകരിക്കാൻ കഴിയാതെ സൂപ്പർമാർക്കറ്റുകളും, റെസ്റ്റോറന്റുകളും വലഞ്ഞു. വൈകുന്നേരത്തോടെയാണ് സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയത്.

മൈക്രോസോഫ്റ്റിന്റെ ബ്ലൂ സ്‌ക്രീൻ ഡെത്ത് എററുണ്ടാക്കിയ ആഗോള പ്രതിസന്ധി ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. ദുബൈ വിമാനത്തവളത്തിന്റെ ഒന്ന് രണ്ട് ടെർമിനലുകളിൽ വിമാനകമ്പനികളുടെ ചെക്കിൻ നടപടികളെയാണ് ബാധിച്ചത്.

എന്നാൽ, സിസ്റ്റം മാറ്റി പ്രവർത്തിപ്പിക്കാൻ സാധിച്ചതിനാൽ വിമാനത്താവളത്തിന് അധികം വൈകാതെ സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ലോകത്തെ പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം അവതാളത്തിലായതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് ഇത്തിഹാദ് ഉൾപ്പെടെ വിമാനകമ്പനികൾ അറിയിച്ചു. പേയ്‌മെന്റ് മെഷീനുകൾ പണിമുടക്കിയതാണ് വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്.

പല സർക്കാർ സ്ഥാപനങ്ങളുടെയും ഇടപാടുകളെ സാങ്കേതികതകരാർ ബാധിച്ചു. സെക്യൂരിറ്റി സോഫ്റ്റ് വെയറായ ക്രൗഡ്‌സ്‌ട്രൈക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് യു.എ.ഇ ടെലികോം ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഗൂഗിൽക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലും നിർദേശം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News