യുഎസ്, യുകെ, യൂറോപ്യൻ ടൂറിസ്റ്റ് വിസയുണ്ടോ?; ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മുൻകൂർവിസ വേണ്ട
പാസ്‌പോർട്ടിനും വിസക്കും കുറഞ്ഞത് ആറ് മാസം കാലവധിയുണ്ടായിരിക്കണം
അബൂദബി: യുഎസ്, യു.കെ, യൂറോപ്യൻ യൂണിയൻ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാം. ഈ രാജ്യങ്ങളുടെ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ നൽകാൻ അനുമതിയായി.
നേരത്തേ യു.എസ് ടൂറിസ്റ്റ് വിസയോ, റെസിറ്റഡന്റ് വിസയോ പാസ്‌പോർട്ടിലുള്ള ഇന്ത്യക്കാർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. യുകെ, യൂറോപ്യൻ യൂനിയൻ റെസിഡന്റ് വിസയുള്ളവർക്കും ഈ ആനൂകൂല്യമുണ്ടായിരുന്നു. ഇനി മുതൽ യുകെ, ഇയു ടൂറിസ്റ്റ് വിസക്കാർക്കും ഇതേ ആനൂകൂല്യം ലഭിക്കുമെന്ന് യു.എ.ഇ ഐ.സി.പി അറിയിച്ചു. പാസ്‌പോർട്ടിനും വിസക്കും കുറഞ്ഞത് ആറ് മാസം കാലവധിയുണ്ടായിരിക്കണം. ഇവർക്ക് നൂറ് ദിർഹം ചെലവിൽ 14 ദിവസത്തേക്ക് വിസ ലഭിക്കും. 250 ദിർഹം നൽകി പതിനാല് ദിവസത്തേക്ക് കൂടി ഇത്തരം വിസകൾ നീട്ടാം. യുകെ, യു.എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയുള്ള പാസ്‌പോർട്ടിലുള്ളവർക്ക് 250 ദിർഹം ചെലവിൽ 60 ദിവസം യു.എ.ഇയിൽ തങ്ങാനുള്ള വിസയും അനുവദിക്കും. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപ്രധാനബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.