ഗസ്സയിൽ നിന്ന് കൂടുതൽ കുട്ടികളെ കൊണ്ടുവരും; യു.എ.ഇ ദൗത്യത്തിന് വ്യാപക പിന്തുണ
15 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തിച്ചിരുന്നു
അബൂദബി: ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ഇടപെടലിന് പിന്തുണയുമായി ലോകം. മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തവും ഈ ജീവകാരുണ്യ നീക്കത്തിന് കരുത്തേകുന്നുണ്ട്. പരിക്കേറ്റ കൂടുതൽ കുഞ്ഞുങ്ങളെ റഫ വഴി ഉടൻ യു.എ.ഇയിലെത്തിക്കാനാണ് നീക്കം.
15 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തിച്ചിരുന്നു. പരിക്കേറ്റ ആയിരം കുട്ടികൾക്ക് അബൂദബിയിൽ സൗജന്യ ചികിൽസയും പരിചരണവും ഉറപ്പാക്കാനാണ് യു.എ.ഇ പ്രസിഡൻറ് ഉത്തരവിട്ടത്. യു.എ.ഇ ഏറ്റെടുത്ത പുതിയ ദൗത്യത്തിന് യു.എൻ ഏജൻസികളും റെഡ്‌ക്രോസും അഭിവാദ്യങ്ങൾ അറിയിച്ചു
പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്സും റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങുമാണ് ഈ ദൗത്യത്തിൽ സർക്കാർ ഏജൻസികൾക്കൊപ്പം സുപ്രധാന പങ്കുവഹിക്കുന്നത്. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നിന്നും ആർപിഎമ്മിൽ നിന്നുമുള്ള ഇരുപതോളം ആരോഗ്യ പ്രവർത്തകരാണ് വെള്ളിയാഴ്ച വൈകീട്ട് ഗസ്സഅതിർത്തിയിലെ അൽ അരിഷിലേക്ക് പുറപ്പെട്ടത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻ.എം.സി റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു.
ബുർജീൽമെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദിനാണ് സംഘത്തിൽ സുപ്രധാന പങ്കുവഹിച്ചത്. അബൂദബിയിൽ കൊണ്ടുവന്ന കുട്ടികളെ സുരക്ഷിതരായി ആശുപത്രികളിലേക്ക് മാറ്റാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരും പാരാമെഡിക്കുകളും എത്തിയിരുന്നു. ആശുപത്രികളിൽ എത്തിച്ച ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.