ദേശീയദിനാഘോഷം: ചട്ടം ലംഘിച്ചാൽ കടുത്ത നടപടി
കാറിന്റെ സൺ റൂഫ് തുറന്നു നിന്ന് ആഘോഷിക്കുന്നതും വാഹനത്തിന്റെ ചില്ലുകളിൽ പാർട്ടി സ്‌പ്രേ ഉപയോഗിക്കുന്നതും പൊലീസ് വിലക്കി
ദുബൈ: ദേശീയ ദിനാഘോഷങ്ങൾ അതിരു വിടരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. പിഴയടക്കമുള്ള ശിക്ഷാ നടപടികൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിധി വിട്ടുള്ള ആഘോഷം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളാണ് പൊലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 'സുരക്ഷിതമായി ആഘോഷിക്കൂ..' എന്ന ഇനീഷ്യേറ്റീവിന് അബൂദബി പൊലീസ് തുടക്കം കുറിക്കുകയും ചെയ്തു. ഇതുപ്രകാരം, കാറിന്റെ സൺ റൂഫ് തുറന്നു നിന്ന് ആഘോഷിക്കുന്നതും വാഹനത്തിന്റെ ചില്ലുകളിൽ പാർട്ടി സ്‌പ്രേ ഉപയോഗിക്കുന്നതും പൊലീസ് വിലക്കിയിട്ടുണ്ട്. ബോധ വൽക്കരണത്തിന്റെ ഭാഗമായി അബൂദബി, അൽ ഐൻ, സഫ്ര മേഖലകളിൽ ട്രാഫിക് പൊലീസ് ലഘുലേഖകൾ വിതരണം ചെയ്തു.
ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കുമെന്നും പൊലീസ് അറിയിച്ചു. പാർട്ടി സ്‌പ്രേകൾ വാഹനത്തിൽ ഉപയോഗിച്ചാൽ ആയിരം ദിർഹമാണ് പിഴ. വിൻഡോയോ സൺറൂഫോ തുറന്ന് ആഘോഷിച്ചാൽ പിഴ രണ്ടായിരം ദിർഹം. 'നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ സന്തോഷം' എന്ന ഹാഷ് ടാഗോടെയാണ് ദുബൈ പൊലീസ് മാർഗനിർദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അമ്പതിനായിരം ദിർഹം വരെ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ പൊലീസ്.