എണ്ണ ഉൽപാദനം ഉയർത്തില്ലെന്ന് ഒപെക്; അമേരിക്കയുടെ എണ്ണ കരുതൽ ശേഖരത്തിൽ ഇടിവ്
വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നത് തങ്ങളുടെ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ തന്നെയാണ് ഒപെക്
എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർധന ആവശ്യമില്ലെന്ന നിലപാടിലുറച്ച് ഒപെക് രാജ്യങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുടെ സമ്മർദം അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ നിലപാട്. വിപണി സന്തുലിതത്വം അട്ടിമറിക്കാൻ മാത്രമേ കൂടിയ തോതിലുള്ള എണ്ണ ഇൽപാദനം അവസരമൊരുക്കൂ എന്ന് ഒപെക് ചൂണ്ടിക്കാട്ടി. അതേ സമയം എണ്ണവില ഇന്ന് നേരിയ തോതിൽ വീണ്ടും ഉയർന്നു.
പ്രതീക്ഷിച്ചതിൽ നിന്ന് ഭിന്നമായി ആഗോള തലത്തിൽ എണ്ണ ആവശ്യകത വർധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ എണ്ണവില കുത്തനെ ഉയരുമെന്ന പ്രചാരണത്തിൽ കാര്യമില്ലെന്നും ഉൽപാദക രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഡോളറിന്റെ വർധനവാണ് എണ്ണവിലയിൽ ചൊവ്വാഴ്ച ഉണ്ടായത്. ഇതോടെ ആഗോള വിപണിയിൽ ബാരലിന് വില 94 ഡോളറിലെത്തി.
അമേരിക്കയുടെ എണ്ണ കരുതൽ ശേഖരം ഗണ്യമായി ഇടിഞ്ഞതായാണ് പുതിയ റിപ്പോർട്ട്. 1984നെ തുടർന്നുള്ള ഏറ്റവും കുറഞ്ഞ അനുപാതത്തിലേക്കാണ് യു.എസ് എണ്ണകരുതൽ എത്തിയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് കൂടുതൽ വിലക്കേർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയാറെടുക്കുന്നത് വിപണിയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കും. ഡിസംബർ അഞ്ച് മുതലാണ് പുതിയ വിലക്ക് പ്രാബല്യത്തിൽ വരിക.