മന്ത്രിയാകാൻ യുവതക്ക് അവസരം; വാഗ്ദാനവുമായി ശൈഖ് മുഹമ്മദ്

എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശൈഖ് മുഹമ്മദിന്റെ അഭ്യർഥന

Update: 2023-09-24 17:52 GMT
Advertising

ദുബൈ: യു.എ.ഇയിൽ മന്ത്രിപദവിക്ക് താൽപര്യമുള്ള യുവതയുടെ എണ്ണത്തിൽ റെക്കോർഡ് അപേക്ഷകർ. അയ്യായിരത്തിലേറെ അപേക്ഷകളാണ് ആദ്യദിനം ലഭിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മന്ത്രിപദത്തിൽ താൽപര്യമുള്ള യുവപ്രതിഭകളുടെ അപേക്ഷ ക്ഷണിച്ചത്.

എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശൈഖ് മുഹമ്മദിന്റെ അഭ്യർഥന. യു.എ.ഇ മന്ത്രിസഭയിൽ അംഗമാകാൻ താൽപര്യമുള്ള സ്വദേശി യുവപ്രതിഭകൾ അപേക്ഷിക്കണം എന്നായിരുന്നു അഭ്യർഥന. മണിക്കൂറുകൾ കഴിഞ്ഞില്ല. ആയിരക്കണക്കിന് അപേക്ഷകളാണ് പ്രവഹിച്ചത്. വെറും ഏഴു മണിക്കൂറിനകം 4700 അപേക്ഷകൾ കൗൺസിൽ ഓഫ് മിനിസ്‌റ്റേഴ്‌സിന് മുമ്പാകെയെത്തി.

യുവജനങ്ങളെപ്രതിനിധാനം ചെയ്യുക. അവരുടെപ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാൻ സാധിക്കുക. അതിനു പ്രാപ്തിയുള്ള യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. ഇതായിരുന്നു പരസ്യം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യു.എ.ഇ മന്ത്രിസഭയിൽ യുവജന മന്ത്രിയാകുമെന്ന വാഗ്ദാനവും. അപേക്ഷിക്കുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ ധീരനും കരുത്തനുമായിരിക്കണം. രാജ്യത്തെ സേവിക്കുന്നതിന് താൽപര്യമുള്ളവരായിരിക്കണം-ശൈഖ് മുഹമ്മദ് എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കി.

വരും തലമുറയിലേക്ക് മികച്ച നേതാക്കളെ വളർത്തിയെടുക്കുന്നതിന് യു.എ.ഇ സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂയിയെ 2016ൽ നിയമിച്ചിരുന്നു. അവരുടെ പ്രായം അന്ന് 22 വയസായിരുന്നു. യുവജനകാര്യ സഹമന്ത്രിയായിട്ടായിരുന്നു ശമ്മയുടെ നിയമനം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News