ആമസോണിൽ ഐ ഫോണ്‍ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മാർബിൾ കഷ്ണം
ഇതുവരെ മൊബൈലോ കാഷോ തിരികെ ലഭിച്ചിട്ടില്ല.
ആമസോണിൽ ആപ്പിൾ ഐ ഫോൺ 12 ഓർഡർ ചെയ്ത തൃശൂർ സ്വദേശി ലിജോ ജോസ് പല്ലിശേരിക്ക് ലഭിച്ചത് മാർബിൾ കഷ്ണം. 4425.75 ദിർഹമാണ് നല്‍കിയത്.
സെപ്തംബർ 30നാണ് മൊബൈൽ ഓൺലൈൻ വഴി ഓർഡർ ചെയ്തത്. ഒക്ടോബർ രണ്ടിന് പാർസൽ ലഭിക്കുകയും ചെയ്തു. വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഡെലിവറി ബോയിയെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങൾക്കകം മൊബൈലോ കാഷോ തിരികെ എത്തിക്കാം എന്ന ഉറപ്പിൽ ഡെലിവറി ബോയിയെ പറഞ്ഞു വിടുകയും ചെയ്തു. പിറ്റേദിവസം വേറൊരാൾ വന്ന് തനിക്ക് ലഭിച്ച കല്ല് അടങ്ങുന്ന പാർസൽ തിരികെ കൊണ്ടുപോവുകയും ചെയ്തതായി ലിജോ പറയുന്നു.
തുടർന്ന് ആമസോൺ കമ്പനിയുടെ കസ്റ്റമർ കെയറിൽ പലതവണ ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ എല്ലാം പരിഹരിക്കാം എന്ന മറുപടിയാണ് ലിജോയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇതുവരെ മൊബൈലോ കാഷോ തിരികെ ലഭിച്ചിട്ടില്ല. ഉടനെ പരിഹാരമാകുമെന്ന് പ്രതീക്ഷയിൽ പൊലീസിൽ പരാതി നൽകാൻ ലിജോ മുതിർന്നിരുന്നില്ല. എന്നാൽ ഇതുവരെ പ്രശ്നം പരിഹാരമാകാത്തതിനാൽ പൊലീസിൽ പരാതി നൽകാനാണ് ലിജോയുടെ തീരുമാനം. ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് ലിജോ ജോസ്.