യുഎഇയിൽ ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം; രാത്രി 10.22 മുതൽ ഗ്രഹണം ആരംഭിക്കും
യുഎഇയിൽ ഇന്ന് ഭാഗികചന്ദ്രഗ്രഹണം ദൃശ്യമാകും. രാത്രി 10:22 ന് ഗ്രഹണം തുടങ്ങും. ഗ്രഹണം വീക്ഷിക്കാൻ ദുബൈയിലും ഷാർജയിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ മുഷ്രിഫ് പാർക്കിൽ അൽതുറയ അസ്ട്രോണമി സെന്‍റർ,ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം.
നേരിട്ടുനോക്കുന്നതിൽ അപകടസാധ്യതയുള്ള സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നതിന് പ്രയാസവുമുണ്ടാവില്ല.
ഇന്ന് രാത്രി 10.22 ന് ഭാഗിക ഗ്രഹണം ആരംഭിക്കും. ഞായറാഴ്ച പുലർച്ചെ 12.14 ഓടെ ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ദുബൈ അസ്ട്രോണമി വിഭാഗം അറിയിച്ചിട്ടുണ്ട്.
മുഷ്‌രിഫ് പാർക്കിലെ അൽ തുരായ അസ്ട്രോണമി സെന്ററിൽ രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയാണ് ഔദ്യോഗികമായി ചാന്ദ്ര ഗ്രഹണ വീക്ഷണം സംഘടിപ്പിച്ചിരിക്കുന്നത്.
അത്യപൂർവ പ്രതിഭാസത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ നൽകാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാനുമായി ജ്യോതിശാസ്ത്ര വിദഗ്ധരും കൂടെയുണ്ടാവും. ഗ്രഹണം തൊട്ടടുത്തെന്ന പോലെ കാണാനായി ടെലിസ്‌കോപ്പുകളും നൽകും.
മൊബൈൽ ക്യാമറകളിൽ ഗ്രഹണ ദൃശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ പകർത്തണമെന്ന് പറഞ്ഞു തരാനും ഉദ്യോഗസ്ഥരുണ്ടാകും.പരിപാടിയുടെ ഭാഗമാകാൻ, മുതിർന്നവർക്കുള്ള സ്റ്റാൻഡേർഡ് ടിക്കറ്റുകൾക്ക് 60 ദിർഹമാണ് നിരക്ക് ഈടാക്കുക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 40 ദിർഹവും ഈടാക്കും.
ദുബൈ അസ്ട്രോണമി ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രവേശനം സൌജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ദുബൈ അസ്ട്രോണമി ഗ്രൂപ്പ് വെബ്സൈറ്റ് ( http://althurayaastronomycenter.ae/partial-lunar-eclipse-2/ ) സന്ദർശിക്കാവുന്നതുമാണ്.