ഷാർജയിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിച്ചു; കേരളത്തിലെത്തിച്ചത് പല വിമാനങ്ങളിലായി
36 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെയാണ് പലഘട്ടങ്ങളിലായി നാട്ടിലെത്തിച്ചത്.
ഷാർജ: കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ഒടുവിൽ നാട്ടിലെത്തിച്ചു. 36 മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെയാണ് പലഘട്ടങ്ങളിലായി നാട്ടിലെത്തിച്ചത്.
വെള്ളിയാഴ്ച രാത്രി യു.എ.ഇ സമയം 11:45ന് പുറപ്പെട്ട എ.ഐ 998 വിമാനം ഒരു മണിക്കൂർ പറന്ന ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ 174 യാത്രക്കാർക്ക് പിന്നെ അനിശ്ചിത്വത്തിന്റെ മണിക്കൂറുകളായിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിൽ ഇവരെ പല ഘട്ടങ്ങളായി മറ്റു വിമാനങ്ങളിൽ തിരുവനന്തപുരം, കണ്ണൂർ എയർപോർട്ടുകളിൽ എത്തിച്ചു. 36 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന 20 യാത്രക്കാരെ കോഴിക്കോട്ടേക്ക് തന്നെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിച്ചു.
എന്നാൽ, വിമാനം തിരിച്ചറിക്കിയപ്പോൾ യു.എ.ഇയിലെ താമസിയിടങ്ങളിലേക്ക് മടങ്ങിയ റെസിഡന്റ് വിസക്കാരായ യാത്രക്കാരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. തിരിച്ചിറക്കിയ വിമാനത്തിന്റെ തകരാറും പൂർണമായി പരിഹരിച്ചിട്ടില്ല എന്നാണ് വിവരം. കോഴിക്കോട് റൺവേയിൽ തുടരുന്ന അറ്റകുറ്റപ്പണിയും വിമാന നിയന്ത്രണവും യാത്ര പുനരാരംഭിക്കാൻ മറ്റൊരു വിലങ്ങു തടിയാണ്.