കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. സി.എൽ പൊറിഞ്ചുക്കുട്ടി ദുബൈയിൽ അന്തരിച്ചു
കേരള ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്.
ദുബൈ: കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി(91) ദുബൈയിൽ അന്തരിച്ചു. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയർമാനുമായിരുന്നു.തൃശൂർ ഫൈനാർട്‌സ് കോളജിന്റെ ആദ്യ പ്രിൻസിപ്പലാണ്. തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശിയാണ്. 2011 ൽ രാജാരവിവർമ്മ പുരസ്‌കാരം നേടി.
വാർധക്യസഹജമായ അസുഖം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. ഇന്ന് രാത്രി ദുബൈ ഗാർഡൻസിൽ മകന്റെ വീട്ടിലായിരുന്നു അന്ത്യം. അഞ്ച് വർഷമായി മകന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിന്റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വർഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ.
തൃശൂർ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരിൽ 1932ൽ ലൂയീസ്-താണ്ടമ്മ ദമ്പതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂർ സെന്റ് ജോസഫ് യുപി സ്‌കൂൾ, കേച്ചേരി ജ്ഞാനപ്രകാശിനി ലോവർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ബിഎ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ഉദയ് പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ഫൈനാർട്‌സിൽ ഒന്നാം റാങ്കും ഗോൾഡും മെഡലും നേടിയാണ് ഈ മേഖലയിൽ സജീവസാന്നിധ്യമായത്. 1956ൽ മാവേലിക്കര രാജാരവിവർമ സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇതേ സ്‌കൂളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബാച് ലർ ഓഫ് ഫൈനാർട്‌സ് ബിരുദവും ചിത്രകലാധ്യാപനത്തിൽ നാഷനൽ ഡിപ്ലോമയും ആരംഭിക്കുന്നതിന് മുൻകൈയെടുത്തത് ഇദ്ദേഹമാണ്. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. കൂടാതെ, നാഷനൽ ചിത്രകലാ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആർട് പർചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരളത്തിൽ മ്യൂസിയം, സർവവിജ്ഞാനകോശം, ജവഹർ ബാലഭവൻ എന്നീ സ്ഥാപനങ്ങളിൽ ഉപദേശകസമിതി അംഗമായിരുന്നു.
ചിത്രകലാ പ്രദർശനത്തിലും തിളങ്ങിയ കലാകാരനാണ് പൊറിഞ്ചുക്കുട്ടി. മുംബൈ, ജയ്പൂർ, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ സോളോ ചിത്രപ്രദർശനം അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. അഖിലേന്ത്യാ ഫൈനാർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്, കേന്ദ്ര സർക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു. 2011ൽ രാജാരവിവർമ പുരസ്‌കാരവും നേടിയിരുന്നു. ന്യൂഡൽഹിയിൽ ഏറെ കാലം ചിത്രകലാ രംഗത്ത് തിളങ്ങി നിന്ന ശേഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്. കേന്ദ്രത്തിലെയും കേരളത്തിലെയും മന്ത്രിമാർ, രാഷ്ട്രീയക്കാർ, പ്രശസ്ത കലാകാരന്മാർ തുടങ്ങിയവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.
ഭാര്യ എലിസബത്തും ദുബായിൽ കൂടെയുണ്ട്. സഹോദരി പുത്രനും യുഎഇയിൽ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം 'ചിത്രകലയിലെ ഏകാന്ത പഥികൻ' ഏറെ ചർച്ച ചെയ്യപ്പെട്ടു. തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. മരുമക്കൾ: കവിത, ശ്രീകാന്ത്. ചെറുമക്കൾ: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി.