ഫ്രാൻസിൽ നിന്ന് പ്രധാനമന്ത്രി യു.എ.ഇയിലെത്തി; യു.എ.ഇ പ്രസിഡൻറുമായി സുപ്രധാന ചർച്ച
ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ചർച്ച നടക്കും
അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലെത്തി. രണ്ടു ദിവസത്തെ ഫ്രഞ്ച് പര്യടനം കഴിഞ്ഞാണ് പ്രധാനമന്ത്രി അബൂദബിയിലെത്തിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി സുപ്രധാന ചർച്ച നടക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗൾഫ്, യുഎഇ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കി കാണുന്നത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ചർച്ച നടക്കും. യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വ്യപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാർ. ഇതിലൂടെ അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
Prime Minister Narendra Modi arrived in UAE