റാസൽഖൈമ- മുസന്തം ബസ് സർവീസ് തുടങ്ങി
ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ ലഭിച്ചത് വൻ സ്വീകരണം
യു എ ഇയിലെ റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് അയൽരാജ്യത്തേക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.
രാവിലെ എട്ട് മണിക്കാണ് റാസൽഖൈമയിൽ നിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തിലേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമയിൽ നിന്ന് മുസന്തം ബസ് പറപ്പെടും. ഇതേ സമയം മുസന്തമിൽ നിന്ന് തിരിച്ചും ബസുണ്ടാകും. ഒമാനും യു എ ഇയിക്കുമിടയിലെ വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബസ് സർവീസെന്ന് റാക്ട ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ ആൽ ബലൂഷി പറഞ്ഞു.
നിറയെ യാത്രക്കാരുമായി മുസന്തമിലെ ഖസബിലെത്തിയ ആദ്യ ബസിന് മുസന്തം ഗവർണറേറ്റ് പ്രതികളുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ഖസബിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും അധികൃതർ യാത്രക്കാരെ ആഘോഷത്തോടെ വരവേറ്റു. അമ്പത് ദിർഹം നിരക്കിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ബസ് സർവീസ് നടത്തുന്നത്. റാക്ടയുടെ അന്താരാഷ്ട്ര ബസ് സർവീസിന് കൂടിയാണ് തുടക്കമായെന്ന് അധികൃതർ പറഞ്ഞു.