ദുബൈയിലെ അൽ വർഖ മേഖലയിൽ റോഡ് വികസന പദ്ധതിയുമായി ആർ.ടി.എ

പുതിയ എക്സിറ്റും എൻട്രൻസും നൽകി റോഡ് ശൃംഖല വിപുലപ്പെടുത്താനാണ് തീരുമാനം

Update: 2024-10-20 16:35 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ദുബൈ നഗരത്തിലെ അൽ വർഖയിൽ പുതിയ റോഡ് നവീകരണ പദ്ധതിയുമായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതിയ എക്സിറ്റും എൻട്രൻസും നൽകി റോഡ് ശൃംഖല വിപുലപ്പെടുത്താനാണ് തീരുമാനം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖ മേഖലയിലേക്ക് പുതിയ എൻട്രൻസും എക്സിറ്റും ഒരുക്കാനുള്ള പദ്ധതിക്കാണ് ആർടിഎ അനുമതി നൽകിയത്. പദ്ധതിയുടെ ഭാഗമായി എട്ടു കിലോമീറ്റർ ദൈർഘ്യമുള്ള പോക്കറ്റ് റോഡ് ശൃംഖലയും അഴുക്കുചാൽ സംവിധാനവും വികസിപ്പിക്കും. ഇതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവഴി മണിക്കൂറിൽ അയ്യായിരം വാഹനങ്ങൾക്ക് കടന്നുപോകാനാകും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് നേരിട്ട അൽ വർഖ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം കൂടുതൽ സുഗമമാകും. യാത്രാ സമയം 80ശതമാനം കുറയുകയും ചെയ്യും. അഥവാ, നിലവിൽ 20 മിനിറ്റു കൊണ്ടെത്തേണ്ട ദൂരം മൂന്നര മിനിറ്റു കൊണ്ട് താണ്ടാനാകും. യാത്രാ ദൂരം 5.7 കിലോമീറ്ററിൽ നിന്ന് ഒന്നര കിലോമീറ്ററായി കുറയുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നര ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. നിലവിൽ അൽ വർഖ 3, അൽ വർഖ 4 റോഡുകളുമായി ബന്ധപ്പെട്ട ഇടറോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 16 കിലോമീറ്റർ സൈക്കിൾ ട്രാക്കും നിർമിക്കുന്നുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News