യു.എ.ഇയിൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ; ഇന്ത്യയുമായി കരാറിലെത്തി

നാഷനൽ പേയ്​മെന്റ് കോർപറേഷൻ ഓഫ്​ ഇന്ത്യയും യു.എ.ഇ അധികൃതരുമായാണ്​ റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്​.

Update: 2023-10-05 17:49 GMT
Advertising

ദുബൈ: യു.എ.ഇയിൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ. ആഭ്യന്തര തലത്തിൽ കാർഡ്​ ഉപയോഗത്തിന്​ ​ഇന്ത്യയും യു.എ.ഇയും കരാറിലെത്തി. റൂപേക്ക്​ തുല്യമായ കാർഡ്​ യു.എ.ഇ വികസിപ്പിക്കുന്നതോടെ, അതിന്​ ഇന്ത്യയിലും​​ അനുമതി ലഭിക്കും. വ്യവസായ, സാങ്കേതിക മേഖലകളിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

നാഷനൽ പേയ്​മെന്റ് കോർപറേഷൻ ഓഫ്​ ഇന്ത്യയും യു.എ.ഇ അധികൃതരുമായാണ്​ റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്​. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂസ്​ ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ധാരണാപത്രത്തിൽ ഒപ്പുവച്ചത്​.

ഇതോടെ റൂപേ കാർഡുകൾ യു.എ.ഇയിൽ ഉപയോഗിക്കാൻ അവസരം ഒരുങ്ങി. യു.എ.ഇ സ്വന്തം നിലയ്ക്ക്​ ക്രെഡിറ്റ്​ കാർഡ്​ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണ്​. ഇന്ത്യയുടെ റൂപേ കാര്‍ഡി​ന്​ യു.എ.ഇ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കരാർ ഇപ്പോൾ മാത്രമാണ്​ ഒപ്പുവയ്ക്കുന്നത്​. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോൾ മികച്ച നിരക്കിളവ് ഉൾപ്പെടെ നിരവധി വാഗ്​ദാനങ്ങളാണ്​ നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ നൽകുന്നത്​.

നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യ, യു.എ.ഇ ഉന്നതതല ദൗത്യസംഘത്തിന്റെ യോഗവും അബൂദബിയിൽ നടന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂസ്​ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവർ സംസാരിച്ചു.

2013ൽ തുടക്കം കുറിച്ച ടാസ്​ക്​ ഫോഴ്​സിനു ചുവടെ സാമ്പത്തിക, നിക്ഷേപ രംഗങ്ങളിൽ ഏറെ മുന്നോട്ടുപോകാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചു. ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാറിന്റെ നേട്ടങ്ങൾ യോഗം വിലയിരുത്തി. വ്യവസായം, നവീന സാങ്കേതികത എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News