അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട് മകൻ; അബൂദബി ആശുപത്രിയിൽ കാത്തിരുന്ന് പിതാവ്; പ്രതീക്ഷയോടെ നാട്ടിലേക്ക് മടക്കം

2022 മാര്‍ച്ച് 26ന് നടന്ന അപകടമാണ് ഷെഫിന്റെ തലച്ചോറിന്റെയും അവയവങ്ങളുടേയും പ്രവർത്തനം മാറ്റിമറിച്ചത്.

Update: 2023-09-30 18:57 GMT
Advertising

അബൂദബി: അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട് വെന്ററിലേറ്ററിൽ കഴിയുന്ന മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും കാത്ത് കഴിഞ്ഞ ഒന്നരവർഷമായി അബൂദബിയിലെ ആശുപത്രിയിൽ കാത്തിരിപ്പിലായിരുന്നു മലപ്പുറം സ്വദേശിയായ ഒരു പിതാവ്. മകന്റെ ആരോഗ്യത്തിൽ നേരിയ പ്രതീക്ഷ കണ്ടതോടെ മകനെയും കൂട്ടി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. നാട്ടിലെ തുടർ ചികിത്സയിൽ മകൻ ജീവിതം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയോടെ.

കഴിഞ്ഞ ഒന്നരവർഷം ഈ മകന്റെ വിരലൊന്ന് അനങ്ങുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുകയായിരുന്നു മലപ്പുറം കൂരാട് സ്വദേശിയായ ഉമ്മർ. അൽഐനിൽ ഗ്രോസറി ജീവനക്കാരനായ മകൻ ഷെഫിൻ അപകടത്തിൽപെട്ട വാർത്തയറിഞ്ഞ് ഒന്നരവർഷം മുമ്പ് സൗദിയിൽ നിന്ന് യുഎഇയിലെത്തിയ ഇദ്ദേഹത്തിന്റെ ജീവിതം പിന്നെ ആശുപത്രി വരാന്തയിൽ തന്നെയായിരുന്നു.

2022 മാര്‍ച്ച് 26ന് നടന്ന അപകടമാണ് ഷെഫിന്റെ തലച്ചോറിന്റെയും അവയവങ്ങളുടേയും പ്രവർത്തനം മാറ്റിമറിച്ചത്. കടയിൽ നിന്ന് ബൈക്കിൽ ഡെലിവറിക്ക് പോയ ഷെഫിനെ സ്വദേശിയുടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന പൊലീസ് പ്രതിയെ പിടികൂടി. നഷ്ടപരിഹാരം ലഭിക്കാനുള്ള പ്രവർത്തനങ്ങൾ അഡ്വ. ഈസ അനീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ഷെഫിന്റെ പത്ത് അവയവങ്ങളുടെ പ്രവർത്തനങ്ങൾ പാടെ നിലച്ചുപോയെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. എങ്കിലും പ്രതീക്ഷയോടെ ഉമർ മകന് വേണ്ടി വെന്റിലേറ്ററിന് പുറത്തുകാത്തിരുന്നു. യുഎ‌ഇയിൽ തുടരാൻ ഷെഫിന്റെ തൊഴിൽദാതാക്കൾ വിസ നൽകി സഹായിച്ചു. അൽഐനിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അവിടെ നിന്ന് പിന്നെ അബൂദബിയിലെ സ്വകാര്യ ആശുപത്രിയിലേക്കും. 23കാരനായ ഷെഫിൻ ഇപ്പോൾ ചെറുതായി തല ചലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

ഇതോടെ പ്രതീക്ഷ ഇത്തിരിവെട്ടവുമായി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ തുടർ ചികിത്സക്കായി തിരിച്ചിരിക്കുകയാണ് ഈ പിതാവും മകനും. എയർ ഇന്ത്യയുടെ സ്ട്രെക്ചർ സൗകര്യമുള്ള വിമാനത്തിൽ ഷെഫിനെയും കൂട്ടി ഈ പിതാവ് കൊച്ചിയിലേക്ക് തിരിച്ചു. പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ്, തനിക്കും മകനും വേണ്ടി ഇനിയും പ്രാർഥകളുണ്ടാകണമെന്ന് അഭ്യർഥിച്ചാണ് ഇവരുടെ മടക്കയാത്ര.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News