ക്ലാസ് പഠനത്തിന് അബുദബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി
16 വയസ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമായിരിക്കും. 16 തികയാന്‍ നാലുമാസം ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാം.
അബൂദബിയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ കലാ, കായിക പരിപാടികള്‍ സംഘടിപ്പിക്കാനും കാന്റീനുകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ അധ്യയനവര്‍ഷം അബൂദബിയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം പുനാരാരംഭിക്കാനാണ് അബൂദബി വിദ്യാഭ്യാസ വകുപ്പ് അഥവാ അഡക്കിന്റെ തീരുമാനം.
16 വയസ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിനേഷന്‍ നിര്‍ബന്ധമായിരിക്കും. 16 തികയാന്‍ നാലുമാസം ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിനെടുക്കാത്ത ജീവനക്കാരും മുതിര്‍ന്ന വിദ്യാര്‍ഥികളും എക്‌സപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം തുടരാം. സ്‌കൂളിലെ കളിസ്ഥലങ്ങള്‍ സജീവമാക്കും. കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, കാന്റീനുകളില്‍ പാചകവും, ഭക്ഷണവിതരണവും അനുവദിക്കും. സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിട്ടുണ്ട്. മൂന്ന് വയസിന് താഴെയുള്ള വിദ്യാര്‍ഥികളെ 16 പേരടങ്ങുന്ന മൈക്രോ ബബിളായി തിരിച്ചായിരിക്കും ക്ലാസുകള്‍. നേരത്തേ ഒരു ബബിളില്‍ പത്തുപേരെയാണ് നിശ്ചയിച്ചിരുന്നത്.