കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ച് കൊന്നു: യു.എ.ഇ സ്വദേശിക്ക് വധശിക്ഷ
രണ്ട് തോക്കുമായി വീട്ടിലേക്ക് കയറി വന്ന യുവാവ് സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു
യു.എ.ഇയിലെ അൽഐനിൽ കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊന്ന കേസിൽ യുവാവിന് വധശിക്ഷ. കൂട്ടുപ്രതിക്ക് 15 വർഷത്തെ തടവും വിധിച്ചു. ഇരകൾക്ക് ദയാധനം നൽകാനും അൽഐൻ ക്രിമിനൽ കോടതി ഉത്തരവിട്ടു.
സ്വത്തുതർക്കത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. രണ്ട് തോക്കുമായി വീട്ടിലേക്ക് കയറി വന്ന യുവാവ് സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകം പൊലീസിനെ അറിയിച്ച് ഇയാൾ സ്വയം കീഴടങ്ങുകയും ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനും കൊലപാതകത്തിന് കൂട്ടുനിന്നതിനുമാണ് കൂട്ടുപ്രതിക്ക് 15 വർഷത്തെ തടവ്.
കേസിലെ ഒന്നാം പ്രതിക്ക് ആയുധം കൈവശം വെച്ചതിന് പുറമേ ലഹരിമരുന്ന് ഉപയോഗിച്ചതിനും കേസുണ്ട്. ഇയാൾ, നേരത്തേ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന് ശിക്ഷ അനുഭവിച്ചിരുന്നു. ഈ വിരോധം തീർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.