സൗഹാർദ വേദികളായി യുഎഇയിലെ മലയാളി ഈദ്ഗാഹുകൾ
ഷാർജയിൽ കോവിഡിന് ശേഷം രണ്ടാം തവണയാണ് മലയാളികൾക്കായി ഈദ്ഗാഹ് ഒരുങ്ങുന്നത്
യു എ ഇയിലെ മലയാളി ഈദ്ഗാഹുകൾ കേരളത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള കുടുംബങ്ങൾ ഒത്തുചേർന്ന സൗഹാർദ വേദികൾ കൂടിയായി മാറി. ദുബൈയിലും ഷാർജയിലുമാണ് ഇത്തവണ യു എ ഇ മതകാര്യ വകുപ്പുകളുടെ അനുമതിയോടെ മലയാളത്തിൽ ഖുത്തുബയുള്ള ഈദ്ഗാഹുകൾ ഒരുക്കിയത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ഷാർജയിലെയും ദുബൈയിലെയും മലയാളി ഈദുഗാഹുകളിൽ സംഗമിച്ചത്. ഭക്തിനിർഭരമായ ഈദ് നമസ്കാരത്തിന് ശേഷം അവർ മലയാളത്തിലുള്ള ഖുതുബക്ക് കാതോർത്തു. ദുബൈ അൻമനാർ ഇസ്ലാമിക് സെന്ററിൽ മൗലവി അബ്ദുൽ സലാം മോങ്ങം നമസ്കാരത്തിന് നേതൃത്വം നൽകി.
ഷാർജയിൽ കോവിഡിന് ശേഷം രണ്ടാം തവണയാണ് മലയാളികൾക്കായി ഈദ്ഗാഹ് ഒരുങ്ങുന്നത്. ഹുസൈൻ സലഫി നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
ശനിയാഴ്ച പ്രതീക്ഷിച്ച ഈദ് നേരത്തേ കടന്നുവന്ന വിഷമത്തിലാണ് ചിലർ.അബൂദബി ഭരണനേതാക്കൾ അബൂദബി ഗ്രാൻഡ് മസ്ജിദിലും ദുബൈ ഭരണനേതാക്കൾ ദുബൈ സബീൽ ഗ്രാൻഡ് മസ്ജിദിലും പെരുന്നാൾ നമസ്കരിച്ചു. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും ഈദ് നമസ്കാരങ്ങളിൽ പങ്കെടത്തു. കൊട്ടാരങ്ങളിൽ അഭ്യുദയകാംക്ഷികളുടെ ആശംസകൾ സ്വീകരിച്ചു.