'ധനമന്ത്രിയുടെ വിദ്വേഷ പ്രസംഗം മനുഷ്യത്വവിരുദ്ധം'; ഇസ്രയേലിനെതിരെ യു.എ.ഇ

വെസ്​റ്റ്​ ബാങ്കിലെ ഫലസ്​തീൻ ഗ്രാമം ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രസ്​താവന

Update: 2023-03-03 18:44 GMT
Advertising

ഇസ്രയേൽ മന്ത്രിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ യു.എ.ഇ. സഹിഷ്ണുതയ്ക്കും ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനും എതിരാണ്​ വിവാദ പ്രസ്​താവനയെന്ന്​ യു.എ.ഇ കുറ്റപ്പെടുത്തി. അധിനിവിഷ്​ട ​പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം തുടരാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെയും ശക്​തമായ നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്​.

ഇസ്രയേൽ ധനമന്ത്രി ബെത്​സലൽ സ്​മോട്രികി​ന്‍റെ വിദ്വേഷ പ്രസ്​താവനക്കെതിരെ ശക്​തമായ എതിർപ്പാണ്​ ലോകതലത്തിൽ തന്നെ ഉയരുന്നത്​. വെസ്​റ്റ്​ ബാങ്കിലെ ഫലസ്​തീൻ ഗ്രാമം ഹുവാര തുടച്ചു നീക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രസ്​താവന. സയണിസ്​റ്റ്​ അതിക്രമത്തെ തുടർന്ന്​ ഫലസ്​തീൻ ജനത നടത്തിയ നേരിയ ചെറുത്തുനിൽപ്പാണ്​ അപകടകരമായ വിദ്വേഷ പ്രസ്​താവന നടത്താൻ ഇസ്രായേൽ മന്ത്രിയെ പ്രേരിപ്പിച്ചത്​. പ്രസ്​താവന പിൻവലിക്കണമെന്ന്​ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ധാർമികതക്കും മാനുഷിക മൂല്യങ്ങൾക്കും നിരക്കാത്ത എല്ലാ നടപടികളെയും സമീപനങ്ങളെയും യു.എ.ഇ തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്​താവന വ്യക്​തമാക്കി. വിദ്വേഷ പ്രസംഗങ്ങളും അക്രമവും അമർച്ച ചെയ്യണം. സഹിഷ്​ണുതയുടെയും പരസ്​പര സൗഹാർദത്തി​ന്‍റെയും സന്ദേശം പ്രചരിപ്പിക്കണം. അതിലൂടെ മാത്രമേ മേഖലയിൽ സംഘർഷവും അസ്​ഥിരതയും ഇല്ലായ്​മ ചെയ്യാൻ സാധിക്കൂ എന്നും യുഎ.ഇ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

പശ്​ചിമേഷ്യൻ സമാധാനം ഉറപ്പാക്കാനുള്ള അന്തർദേശീയ, പ്രാദേശിക നീക്കങ്ങളോട്​ പൂർണമായും സഹകരിക്കുമെന്നും യു.എ.ഇ ഉറപ്പു നൽകി. ദ്വിരാഷ്​ട്ര പ്രശ്​നപരിഹാര ഫോർമുലക്ക്​ വിരുദ്ധമായ എല്ലാ നീക്കവും തടയണം. 1967ലെ അതിർത്തിയെ ആസ്​പദമാക്കി കിഴക്കൻ ജറൂസലം തലസ്​ഥാനമായി സ്വത​ന്ത്ര ഫലസ്​തീൻ രാഷ്​ട്രം നിലവിൽ വരണമെന്ന പ്രഖ്യാപിത നിലപാടാണ്​ യു.എഇയുടെതെന്നും പ്രസ്​താവന വ്യക്​തമാക്കി. ഇസ്രയേലുമായി നയതന്ത്ര ബന്​ധം തുടരുന്നതിനിടെ, അധിനിവിഷ്​ട -ഫലസ്​തീൻ പ്രദേശങ്ങളിലെ അന്യായ കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട്​ യു.എ.ഇ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News