യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ-നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ
തുർക്കിയിൽ പത്ത് ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്നാണ് പ്രതീക്ഷ.
യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട് 10 ബില്യൻ ഡോളർ ഫണ്ടിന് യു.എ.ഇ രൂപം നൽകും. തുർക്കിയിൽ നിക്ഷേപം നടത്തുന്നതിനാണ് തുക വിനിയോഗിക്കുക.
തുർക്കിയിൽ പത്ത് ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്ന പ്രതീക്ഷ പങ്കുവെച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശന ഭാഗമായാണ് ധാരണ.
ബുധനാഴ്ച വൈകീട്ട് അങ്കാറയിലെത്തിയ ശൈഖ് മുഹമ്മദിനെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ തുർക്കി സന്ദർശനം. തുർക്കിയിലെത്തിയ ശൈഖ് മുഹമ്മദിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഉർദുഗാൻ നേരിട്ട് പങ്കെടുത്ത സ്വീകരണത്തിൽ യു.എ.ഇയുടെയും തുര്‍ക്കിയുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും പതാക ഉയർത്തുകയും ചെയ്തു. ശൈഖ് മുഹമ്മദിന്ആദരസൂചകമായി സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി.
വിവിധ മേഖലകളിലെ പങ്കാളിത്തവും പൊതു താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്യും. കഴിഞ്ഞ ആഗസ്തിൽ ഇരുനേതാക്കളും ഫോൺ വഴി വിവിധ വിഷയങ്ങളിൽ ആശയ വിനിമയം നടത്തിയിരുന്നു.