ജീവകാരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ നൽകുമെന്ന് യു.എ.ഇ
സാമ്പത്തിക തലസ്ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണ് യു.എ.ഇയെന്ന് ശൈഖ് മുഹമ്മദ്.
ജീവകാരുണ്യരംഗത്തെ മുൻനിര പ്രവർത്തകർക്ക് പത്തു വർഷത്തെ ഗോൾഡൻ വിസ നൽകുമെന്ന് യു.എ.ഇ. അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിന് മുന്നോടിയായി യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേരത്തേ സംരംഭകർക്കും, ഡോക്ടർമാർക്കും, കോഡർമാർക്കും, മിടുക്കരായ വിദ്യാർഥികൾക്കുമാണ് യു.എ.ഇ പത്തു വർഷത്തെ ഗോൾഡൻ വിസ നൽകിയിരുന്നത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗോൾഡൻ വിസ നൽകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പ്രഖ്യാപനം നടത്തിയത്.
രൂപീകരണകാലം മുതൽ ൩൨൦ ബില്യൺ ദിർഹമിന്റെ സഹായം ലോകത്തിന് നൽകിയ രാജ്യമാണ് യു.എ.ഇയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
നമ്മുടെ സന്നദ്ധപ്രവർത്തകർ, സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ജീവകാരുണ്യ കൂട്ടായ്മകൾ എന്നിവയുടെ പ്രവർത്തനങ്ങൾ അഭിമാനകരമാണ്. യു.എ.ഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണെന്ന് -അദ്ദേഹം ട്വിറ്റിൽ കുറിച്ചു