ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ
സ്ഥിതി കൂടുതൽ സങ്കീർണമാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് വൻശക്തി രാജ്യങ്ങളോടും യു.എ.ഇ നിർദേശിച്ചു.
ദുബൈ: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ. കരയാക്രമണം നടത്താനുള്ള ഇസ്രായേൽ നടപടിയേയും യു.എ.ഇ രൂക്ഷമായി വിമർശിച്ചു. സ്ഥിതി കൂടുതൽ സങ്കീർണമാകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് വൻശക്തി രാജ്യങ്ങളോടും യു.എ.ഇ നിർദേശിച്ചു.
രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ബ്രസീലിനോടാണ് അടിയന്തര യോഗം വിളിച്ചുചേർക്കാൻ യു.എ.ഇ ആവശ്യപ്പെട്ടത്. യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ ഫിലിപ്പ് ലസാറിനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.എ.ഇ ആവശ്യം ഉന്നയിച്ചത്.
ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണം വലിയ മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുന്നതായി യു.എൻ ഏജൻസികൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതാണ്. ഇസ്രായേൽ കരയാക്രമണം തുടങ്ങിയ സാഹചര്യത്തിൽ യു.എ.ഇയുടെ അപേക്ഷ സ്വീകരിച്ച് ഉടൻ രക്ഷാസമിതി യോഗം ചേർന്നേക്കും എന്നാണ് വിലയിരുത്തൽ. 15അംഗ യു.എൻ രക്ഷാ സമിതിയിൽ താൽക്കാലിക അംഗത്വ പദവിയാണ് യു.എ.ഇക്കുള്ളത്.
അതിനിടെ, ഇസ്രായേലിന്‍റെ കരയാക്രമണത്തെ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. സിവിലിയൻമാരുടെ സുരക്ഷ പരിഗണിച്ച് അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും സന്ധികളും പ്രകാരം മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. യു.എൻ ജനറൽ അസംബ്ലയിൽ വെള്ളിയാഴ്ച പാസാക്കിയ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തെയും മറ്റു അറബ് രാജ്യങ്ങളോടൊപ്പം യു.എ.ഇ പിന്തുണച്ചിരുന്നു.