ഗസ്സയിലെ സ്കൂളുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എ.ഇ
അടിയന്തര വെടിനിർത്തൽ വൈകരുതെന്നും യു.എ.ഇ ആവശ്യപ്പെട്ടു
ദുബൈ: ഗസ്സയിലെ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എ.ഇ. യു.എൻ റിലീഫ്ആൻഡ് വർക് ഏജൻസിയുടെ കീഴിലെ അൽ ഫഖൂറ സ്കൂൾ, താൽ അൽസാതർ സ്കൂൾ എന്നിവക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണം നടന്നത്. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ ആപൽക്കരമാണെന്ന് യു.എ.ഇ വ്യക്തമാക്കി
സ്കൂളുകളൾക്കുംആശുപത്രികൾക്കും നേരെയുള്ള മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ അപലപനീയമാണെന്ന് പ്രസ്താവനയിൽ യു.എ.ഇവ്യക്തമാക്കി. കൂട്ടായ്മകളെയും സിവിലിയൻ സംവിധാനങ്ങളെയും ലക്ഷ്യംവെക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കണം. ജീവകാരുണ്യ കൂട്ടായ്മകൾക്കും സിവിലിയൻ സൗകര്യങ്ങൾക്കും പൂർണ സംരക്ഷണം ഉറപ്പാക്കണം. വൈദ്യസഹായവുംമറ്റും തടസം കൂടാതെ എത്തിക്കാനും അടിയന്തര മുൻഗണന നൽകണമെന്നും പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സിവിലിയൻമാരും സിവിലിയൻ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം, സംഘർഷ സമയത്ത് ഇവയെ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ട്. അടിയന്തര വെടിനിർത്തൽ വൈകരുതെന്നും യു.എ.ഇ ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വ്യാപകമാകുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും യു.എ.ഇ നിർദേശിച്ചു.