'ആണവായുധം പ്രയോഗിക്കാം'; ഇസ്രായേൽ മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ വിമർശനവുമായി യു.എ.ഇ.
ഇസ്രയേൽ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ്കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്.
ഗസ്സയിൽ ആണവായുധം പ്രയോഗിക്കുന്നത് ഒരു മാർഗമാണെന്ന ഇസ്രായേൽ മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത വിമർശനവുമായി യു.എ.ഇ. ഗസ്സയിൽ ഒരു മാസം പിന്നിടുന്ന ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യു.എ.ഇ നിർദേശിച്ചു. ഗസ്സയിലേക്ക് കൂടുതൽ ഉൽപന്നങ്ങളും മറ്റും എത്തിക്കാനുള്ള നീക്കവും ഊർജിതമാണ്.
ഇസ്രയേൽ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്. ആണവായുധം ഉപയോഗിക്കുമെന്ന പ്രസ്താവനയെ തള്ളിയ യു.എ.ഇ വിദേശകാര്യ വകുപ്പ്, അടിയന്തരമായ മുൻഗണന സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും നൽകണമെന്ന് ആവശ്യപ്പെട്ടു.
കൂടുതൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണം. ഫലസ്തീനിൽ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടലുണ്ടാകണം. മേഖല ഒന്നാകെ പുതിയ സംഘർഷങ്ങളിലേക്കും അസ്ഥിരതയിലേക്കും മാറുന്ന സാഹചര്യവും ഒഴിവാക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. നേരത്തെ സൗദി അറേബ്യയും അറബ് പാർലമെന്‍റും ശക്തമായ ഭാഷയിൽ ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിരുന്നു