ഗസ്സയിൽ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാന്‍റ് വിപുലീകരിച്ചു
1.2ലക്ഷം ഗാലൻ വെള്ളം ലഭ്യമാക്കും
ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യു.എ.ഇ സ്ഥാപിച്ച രണ്ടാമത് കടൽവെള്ള ശുചീകരണ പ്ലാന്‍റ് വിപുലീകരിച്ചു. ഗസ്സക്ക് സമീപം ഈജിപ്തിന്‍റെ ഭാഗമായ റഫ അതിർത്തിയിലാണ് പ്ലാന്റ്തുറന്നത്. യു.എ.ഇ സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു.
മെഡിറ്ററേനിയൻ കടലിൽ നിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ എത്തിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്യുകയും ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. നേരത്തെ ആറു കണ്ടെയ്നർ ഉപയോഗിച്ചിരുന്ന പ്ലാൻറിൽ പുതുതായി ആറു കണ്ടെയ്നറുകൾ കൂടിയണ് സ്ഥാപിചിരിക്കുന്നതെന്ന് പദ്ധതി മാനേജർ മുഹമ്മദ് അൽ റാഷിദി അറിയിച്ചു. ഇതുവഴി 1.2ലക്ഷം ഗാലൻ വെള്ളം ഗസ്സ നിവാസികൾക്ക് ലഭ്യമാക്കാൻ സാധിക്കും.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച 'ഗാലന്‍റ് നൈറ്റ്-3' ജീവകാരുണ്യ ഓപറേഷന്‍റെ ഭാഗമായാണ് കടൽവെള്ള ശുദ്ധീകരണ പ്ലാന്‍റുകൾ സ്ഥാപിച്ചത്. സഹായങ്ങൾ എത്തിക്കുന്നതിനായി ഇൗജിപ്തിന്‍റെ ഭാഗമായ അൽ ആരിഷിൽ യു.എ.ഇ വെയർഹൗസ് തുറന്നിട്ടുണ്ട്. യുദ്ധത്തിൽ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് എത്തിക്കേണ്ട വിവധ സഹായവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമനുസരിച്ച് ഗസ്സയിലേക്ക് ിവിടെ നിന്ന് എത്തിക്കും. 121ലോറികളിലും 129കാർഗോ വിമാനങ്ങളിലുമായി 9,296ടൺ സഹായ വസ്തുക്കൾ നിലവിൽ യു.എ.ഇ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്.