നിർണായക മേഖലകൾ ലക്ഷ്യമിട്ടുള്ള ഭീകരസംഘങ്ങളുടെ സൈബർ ആക്രമണശ്രമം വിഫലമാക്കിയെന്ന് യു.എ.ഇ
വ്യക്തികളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ കരുതിയിരിക്കാൻ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി
അബൂദബി: യു.എ.ഇയുടെ നിർണായക മേഖലകൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്താനുള്ള ശ്രമം വിഫലമാക്കിയെന്ന് സൈബർ സുരക്ഷാ കൗൺസിൽ. ആക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദ സംഘത്തെയും അവരുടെ താവളത്തെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആക്രമണം മുന്നിൽകണ്ട് ദേശീയതലത്തിൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായിരുന്നു. വ്യക്തികളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി. അജ്ഞാത സന്ദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ഥിരീകരിക്കാനാകാത്ത ലിങ്കുകളിലൂടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ആശയവിനിമയത്തിന് ഔദ്യോഗിക മാർഗങ്ങൾ മാത്രം അവലംബിക്കുക. ഇ-മെയിലുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
എല്ലാവിധ സൈബർ ആക്രമണങ്ങളെയും തകർക്കാൻ വേണ്ട സജ്ജീകരണങ്ങളുള്ള സാങ്കേതികസന്നാഹങ്ങളുള്ള രാജ്യമാണ് യു.എ.ഇ.
Summary: UAE foils attempted cyberattacks by terrorist groups