യു.എ.ഇയുടെ ആദ്യ ചൊവ്വാ ദൗത്യം; ഹോപ്​ പ്രോബിന്‍റെ വിജയ യാത്രയ്ക്ക്​ മൂന്ന് വയസ്

2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ്​ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്​.

Update: 2024-02-09 19:45 GMT
Advertising

ദുബൈ: യു.എ.ഇുടെ ആദ്യ ചൊവ്വാ ദൗത്യ പേടകമായ ഹോപ്​ പ്രോബിന്‍റെ വിജയ യാത്രയ്ക്ക്​ മൂന്ന് വയസ്​. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ്​ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്​. നിരവധി പുതിയ ബഹിരാകാശ പദ്ധതികൾക്കാണ് യു.എ.ഇ രൂപം നൽകിയിരിക്കുന്നത്.

ശാസ്ത്രജ്ഞൻമാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ്​ ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വായിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്​ട്രമായി യുഎഇ മാറി. ആദ്യ ശ്രമത്തിൽ തന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യ​മെന്ന പകി​ട്ടോടെയാണ്​ അറബ്​ ലോകത്തിന്‍റെ വിജയപ്രതീകമായി ഹോപ്​ ഭ്രമണപഥത്തിലെത്തിയത്​.

ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്ററിൽ നിർമിച്ച ഹോപ്​ 2020 ജൂലൈ 20നാണ്​​ ജപ്പാനിലെ തനെഗാഷിമ ഐലൻറിൽ നിന്ന്​ വിക്ഷേപിച്ചത്​.​ മണിക്കൂറിൽ 1,21,000 കിലോമീറ്റർ വേഗതയിൽ കുതിച്ച പേടകം 408 ദശലക്ഷം കിലോമീറ്റർ നീണ്ട യാത്ര 204 ദിവസം കൊണ്ടാണ്​ പൂർത്തിയാക്കിയത്​. ദിവസങ്ങൾക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ അയച്ചുതുടങ്ങുകയും ചെയ്തു. എമിറേറ്റ്​സ്​ മാർസ്​ സ്​പെക്​ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ്​ സ്​പെക്​ട്രോ മീറ്റർ എന്നീ മൂന്ന്​ ഉപകരണങ്ങളാണ്​ പര്യവേക്ഷണത്തിന്​ ഉപയോഗിച്ചത്​.

2023 മധ്യത്തോ​ടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ കൂടുതൽ കണ്ടെത്തലുകൾക്കായി ഒരു ചൊവ്വാ വർഷം കൂടി ചൊവ്വയിൽ തുടരുന്നതിന്​ കഴിഞ്ഞ വർഷം തീരുമാനമെടുത്തിരുന്നു. ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട്​ രാജ്യങ്ങൾ മാത്രമാണ്​ ചൊവ്വാ ദൗത്യം ആദ്യ ശ്രമത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത്​.

ഇന്ത്യ, യു.എസ്​, സോവിയറ്റ്​ യൂനിയൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവർ മാത്രമാണ്​ പേടകം വിജയകരമായി ചൊവ്വയിൽ എത്തിച്ചിരുന്നത്​. 73.5 കോടി ദിർഹമാണ്​ ഹോപ്പി​ന്റെ നിർമാണ ചെലവ്​. നൂറ്​ ശതമാനവും ഇമാറാത്തി പൗരൻമാരായിരുന്നു ദൗത്യത്തിന്​ പിന്നിൽ. ചൊവ്വയെ കുറിച്ച്​ കൂടുതൽ അറിവ്​ പകരുന്ന വിവരങ്ങൾ ഹോപ്​ ദൗത്യകാലയളവിൽ ശേഖരിച്ചിരുന്നു. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക്​ പ്രചോദനവും ആവേശവും പകർന്ന വിജയമായാണ്​ ഹോപ് പ്രോബ്​ രേഖപ്പെടുത്തപ്പെട്ടത്​.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News