യു.എ.ഇ ദേശീയ ദിനാഘോഷം ദുബൈ എക്‌സ്‌പോ സിറ്റിയിൽ
ഡിസംബർ അഞ്ച് മുതൽ 12 വരെ പരിപാടികളിൽ പൊതുജനങ്ങൾക്കും പ്രവേശനം ലഭിക്കും.
ദുബൈ: ഈ വർഷത്തെ യു.എ.ഇ. ദേശീയദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ ദുബൈ എക്‌സ്‌പോ സിറ്റിയിൽ നടക്കും. യു.എ.ഇ സുസ്ഥിരവർഷാചരണം, ആഗോള കാലാവസ്ഥാ ഉച്ചകോടി എന്നിവ കണക്കിലെടുത്താണ് ആഘോഷങ്ങൾ എക്‌സ്‌പോ സിറ്റിയിൽ സംഘടിപ്പിക്കുന്നത്.
യു.എ.ഇയുടെ പരമ്പരാഗത നെയ്ത്ത് രീതിയായ അൽ സദു നെയ്ത്തിനെ അടിസ്ഥാനമാക്കിയാണ് ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയദിനാഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. 1971 ൽ ഐക്യ എമിറേറ്റുകൾ രൂപവത്കരിച്ചത് മുതൽ വർത്തമാനകാലം വരെയുള്ള നേട്ടങ്ങൾ സദു നെയ്ത്തിന്റെ വിവിധ തലങ്ങളിലൂടെ പ്രതീകാത്മകമായി വേദിയിൽ അവതരിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്നതും ദുബൈ എക്‌സ്‌പോ സിറ്റിയിലാണ്. യു.എ.ഇ സുസ്ഥിരതാ വർഷം ആചരിക്കുന്ന കാലമായതിനാൽ വികസനത്തിൽ യു.എ.ഇ മുറുകെ പിടിച്ച പരിസ്ഥിതി സൗഹൃദ ആശയങ്ങളും പരിപാടികളിൽ പ്രതിഫലിക്കും. ഡിസംബർ രണ്ടിന് നടക്കുന്ന പരിപാടികൾ പ്രാദേശിക ചാനലുകളിലും www.UnionDay.ae. എന്ന സൈറ്റിലും സംപ്രേഷണം ചെയ്യും. ഡിസംബർ അഞ്ച് മുതൽ 12 വരെ പരിപാടികളിൽ പൊതുജനങ്ങൾക്കും പ്രവേശനം ലഭിക്കും.