ജലശുദ്ധീകരണ രംഗത്തെ കണ്ടെത്തലിന് 119 മില്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് യു.എ.ഇ
ശൈഖ് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് സമ്മാനം പ്രഖ്യാപിച്ചത്.
അബൂദബി: ജലശുദ്ധീകരണ രംഗത്തെ പുതിയ കണ്ടെത്തലുകൾക്ക് 119 മില്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് സമ്മാനം പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞദിവസാണ് യു.എ.ഇ പ്രസിഡന്റിന്റെ പേരിൽ മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയാണ് ഈ രംഗത്തെ കണ്ടെത്തലുകൾക്ക് വൻതുകയുടെ സമ്മാനവും പ്രഖ്യാപിച്ചത്. എക്സ് പ്രൈസ് എന്ന പേരിലാണ് മികച്ച ജലശുദ്ധീകരണ സാങ്കേതിക വിദ്യ കണ്ടെത്തുന്നവർക്ക് 119 മില്യൺ ഡോളർ വരെ മൊത്തം സമ്മാനത്തുക ലഭിക്കുന്ന മത്സരം ഒരുക്കുന്നത്.
കണ്ടെത്തുന്ന ജലശുദ്ധീകരണ വിദ്യ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്നതും ചെലവ് കുറഞ്ഞതും സുസ്ഥിര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാകണം എന്ന നിബന്ധനയുണ്ട്. അഞ്ച് വർഷം നീളുന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് തങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിക്കാം. ഇതിനായി 150 മില്യൺ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയുടെ ചരിത്രപ്രാധാന്യമുള്ള നിഖ ബിൻ അതീഖ് വാട്ടർ ടാങ്ക് പരിസരത്താണ് പ്രഖ്യാപന ചടങ്ങ് ഒരുക്കിയത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ, വാട്ടർ ഇനീഷ്യേറ്റീവ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ സായിദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.