4000 ഡോളർ ബാങ്ക് ബാലൻസ് ഉണ്ടോ? 5 വർഷത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാം
അഞ്ചുവർഷം പലതവണ യുഎഇ സന്ദർശിക്കാമെങ്കിലും 90 ദിവസമാണ് തുടർച്ചയായി രാജ്യത്ത് തങ്ങാൻ അനുമതി നൽകുക
ദുബൈ: യു.എ.ഇയുടെ അഞ്ചുവർഷം കാലാവധിയുള്ള സന്ദർശക വിസക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കാൻ സൗകര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഏത് രാജ്യക്കാർക്കും യുഎഇയുടെ അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എന്ട്രി വിസിറ്റ് വിസക്ക് അപേക്ഷ നൽകാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പിന്റെ ഐസിപി വെബ്‌സൈറ്റ്, ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ GDRFA വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി അപേക്ഷനൽകാം.
യു എ ഇയിലുള്ളവർക്ക് ആമർ സെന്ററുകൾ വഴിയും ഇതിന് അപേക്ഷിക്കാം. വിസ ഫീസ് മാത്രം 1500 ദിർഹം വരും. ചെറിയ തുക കളക്ഷൻ കമീഷനും ആമർ സെന്ററുകളുടെ സർവീസ് ഫീസും പുറമെയുണ്ടാകും. അപേക്ഷിക്കുന്നവർ 4000 യുഎസ് ഡോളറോ, തതുല്യമായ തുകയോ ബാങ്ക് ബാലൻസുണ്ടെന്ന് തെളിയിക്കുന്ന സ്റ്റേറ്റ്‌മെന്റ്, യുഎഇയിലെ ആരോഗ്യ ഇൻഷൂറൻസ് എന്നിവ ഒപ്പം നൽകണം.
പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, യുഎഇയിൽ എവിടെ താമസിക്കും എന്ന് വ്യക്തമാക്കാൻ ബന്ധുവിന്റെ ക്ഷണകത്ത്, ഹോട്ടൽ ബുക്കിങ്, വാടകരേഖ എന്നിവയിൽ ഏതെങ്കിലും കൂടെ സമർപ്പിക്കണം. ചില സാഹചര്യത്തിൽ വിമാനടിക്കറ്റും സമർപ്പിക്കേണ്ടി വരും. അപേക്ഷ നൽകിയാൽ ഇ മെയിൽ വഴിയും എസ് എം എസ് വഴിയും സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ ലഭിക്കും. രേഖകളിൽ അപര്യാപ്തതയുണ്ടെങ്കിൽ അവ സമർപ്പിക്കാൻ 30 ദിവസം സമയം ലഭിക്കും. അല്ലാത്തപക്ഷം, അപേക്ഷ റദ്ദാക്കും. മൂന്ന് തവണയിൽ കൂടുതൽ രേഖകളിൽ അവ്യക്തതയുണ്ടായാലും അപേക്ഷ റദ്ദാക്കപ്പെടും.
വിസ ലഭിച്ച് യുഎഇയിലെത്തിയാൽ 90 ദിവസം തുടർച്ചയായി രാജ്യത്ത് തങ്ങാൻ കഴിയും. ഇത് 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാം. എന്നാൽ, വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ തുടർചയായി യുഎഇയിൽ തങ്ങാൻ അനുമതി ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.