യു.എ.ഇയില്‍ ചില നെറ്റ്‍വര്‍ക്കുകളില്‍ വാട്സ്ആപ്പ് കോള്‍ സേവനം ലഭ്യമായിത്തുടങ്ങി
സുരക്ഷ മുൻനിർത്തിയാണ് വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (വി.ഒ.ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധിച്ചത്
യു.എ.ഇയിലെ ചില നെറ്റ്വർക്കുകളിൽ വാട്സാപ് കോളുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ, എല്ലാ നെറ്റ്വർക്കുകളിലും സേവനം ലഭ്യമല്ല. നേരത്തെ യു.എ.ഇയിൽ വാട്സാപ് ഓഡിയോ, വിഡിയോ കോളുകൾ പൂർണമായും നിരോധിച്ചിരിക്കുകയായിരുന്നു.
ഈ നിയന്ത്രണങ്ങള്‍ മാറുന്നതിന്‍റെ സൂചനയാണ് പുതിയ നീക്കമെന്ന് കരുതുന്നു. എക്സ്പോ 2020 തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യു.എ.ഇയിൽ എത്തിയിട്ടുണ്ട്. ഇവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് തീരുമാനം. എക്സ്പോ സൈറ്റിൽ നിന്നും വാട്സാപ്പ് കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് സന്ദർശകർ പറയുന്നു.
സുരക്ഷ മുൻനിർത്തിയാണ് വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (വി.ഒ.ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധിച്ചത്. ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്.
എന്നാൽ, കോവിഡ് കാലത്ത് ഇവയിൽ ചിലത് പ്രവര്‍ത്തനക്ഷമമായിരുന്നു. മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ് പോലുള്ളവക്ക് കോവിഡ് സമയത്ത് അനുമതി നൽകിയിരുന്നു. ഇപ്പോഴും ഇവക്ക് അനുമതിയുണ്ട്. കുട്ടികളുടെ ഓൺലൈൻ പഠനം മുൻനിർത്തിയാണ് ഇവക്ക് അനുമതി നൽകിയത്. അപ്പോഴും വാട്സാപ് കോളുകൾ കിട്ടിയിരുന്നില്ല. യു.എ.ഇയിൽ തന്നെയുള്ള നെറ്റ്വർക്കുകളിലേക്ക് വാട്സാപ് കോൾ കിട്ടുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് നാട്ടിലേക്ക് വിളിക്കാൻ കഴിയുന്നതെന്നും അനുഭവസ്ഥർ പറയുന്നു.