യുവതിയുടെ മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍; തുണികൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് ആണ്‍സുഹൃത്ത്
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
ദുബൈ ദേരയില്‍ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നിച്ചു താമസിച്ചിരുന്ന ഇവര്‍ തമ്മിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ദേര പാം ഐലന്റിലെ പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു.
സംശയകരമായ സാഹചര്യത്തില്‍ സ്യൂട്ട്‌കേസ് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണത്തില്‍ ഹോര്‍ലാന്‍സിലെ താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സന്ദര്‍ശക വിസയിലെത്തിയാണ് യുവതി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നത്. വിസ പുതുക്കാനായി ആണ്‍ സുഹൃത്തില്‍നിന്ന് 600 ദിര്‍ഹം വാങ്ങിയിരുന്നു. ഈ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.